ദില്ലി: വന്‍കിട നിര്‍മ്മാണങ്ങള്‍ക്ക് പരിസ്ഥിതി അനുമതിയില്‍ ഇളവ് നല്‍കി കേന്ദ്ര സര്‍ക്കാര്‍ 2016ല്‍ കൊണ്ടുവന്ന വിജ്ഞാപനം ദേശീയ ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കി. പരിസ്ഥിതിയെ നശിപ്പിച്ച് ഒരു നിര്‍മ്മാണവും അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ ട്രൈബ്യൂണല്‍ നിലവിലെ വിജ്ഞാപനത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
20,000 ചതുരശ്രി മീറ്ററിന് മുകളിലുള്ള നിര്‍മ്മാണങ്ങള്‍ക്ക് വനംപരിസ്ഥിതി മന്ത്രാലയത്തിന്റെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന വ്യവസ്ഥയില്‍ ഇളവ് നല്‍കിക്കൊണ്ട് 2016 ഡിസംബര്‍ 9ന് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വിജ്ഞാപനമാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കിയത്.
നിര്‍മ്മാണ മേഖലയിലെ, പ്രത്യേകിച്ച് റിയല്‍ എസ്റ്റേറ്റ് രംഗത്തെ മാന്ദ്യം മറികടക്കാന്‍ 20,000 ചതുരശ്രി മീറ്റര്‍ മുതല്‍ ഒന്നര ലക്ഷം ചതുരശ്ര മീറ്റര്‍ വരെയുള്ള നിര്‍മ്മാണങ്ങളെയാണ് പരിസ്ഥിതി അനുമതിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കി വിജ്ഞാപനം ഇറക്കിയത്. ഇത് ചോദ്യം ചെയ്ത് പരിസ്ഥിതി സംഘടനകള്‍ നല്‍കിയ ഹര്‍ജി അംഗീകരിച്ചാണ് വിജ്ഞാപനം ദേശീയ ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കിയത്.
നിര്‍ധന്‍ര്‍ക്കുള്ള പാര്‍പ്പിട പദ്ധതികള്‍ വേഗത്തിലാക്കാന്‍ കൂടിയാണ് പരിസ്ഥിതി അനുമതിയില്‍ ഇളവ് നല്‍കിയതെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദം ഹാരിത ട്രൈബ്യൂണല്‍ തള്ളി. പരിസ്ഥിതിയെ നശിപ്പിച്ച് ഒരു നിര്‍മ്മാണവും വേണ്ടെന്ന് പറഞ്ഞ ട്രൈബ്യൂണല്‍ പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കി വേണമെങ്കില്‍ കേന്ദ്രത്തിന് പുതിയ വിജ്ഞാപനം ഇറക്കാമെന്നും വിധിച്ചു.
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വിജ്ഞാപനത്തിന്റെ ചുവടുപിടിച്ച് രാജ്യത്ത് ആരംഭിച്ച വന്‍കിട നിര്‍മ്മാണ പദ്ധതികളെയെല്ലാം ഹരിത ട്രൈബ്യൂണല്‍ വിധി പ്രതികൂലമായി ബാധിക്കും. പരിസ്ഥിതി അനുമതിയില്ലാതെ നടക്കുന്ന 20,000 ചതുരശ്ര മീറ്ററിന് മുകളിലുള്ള എല്ലാ നിര്‍മ്മാണങ്ങളും തല്‍ക്കാലം നിര്‍ത്തിവെക്കേണ്ടിയുംവരും.
