അതേസമയം നിബന്ധനകളോടെയാണ് പദ്ധതിക്ക് അനുമതി നല്‍കിയിരിക്കുന്നത്. പദ്ധതി നിര്‍വ്വഹണത്തിന്റെ മേല്‍നോട്ടത്തിന് ഏഴംഗ വിദഗ്ദ്ധ സമിതി രൂപീകരിക്കണമെന്ന് ഹരിത ട്രിബ്യൂണല്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട വിദഗ്ദ്ധര്‍ സമിതിയില്‍ അംഗങ്ങളായിരിക്കണം. ആറു മാസത്തില്‍ ഒരിക്കല്‍ ഈ വിദഗ്ദ്ധ സമിതി ഹരിത ട്രിബ്യൂണലിന് റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്. പദ്ധതി നിര്‍മ്മാണത്തില്‍ പാരിസ്ഥിതികമായ വ്യവസ്ഥകള്‍ ലംഘിക്കുന്നുണ്ടോയെന്ന കാര്യം പരിശോധിക്കുകയെന്നതാണ് വിദഗ്ദ്ധ സമിതിയുടെ ഉത്തരവാദിത്വം. മല്‍സ്യത്തൊഴിലാളികളുടെ ഉപജീവനത്തിന് ഒരു കോട്ടവും സംഭവിക്കരുതെന്നും, അവരെ പുനരധിവസിപ്പിക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ അതിന് മുന്‍ഗണന നല്‍കണമെന്നും ഹരിത ട്രിബ്യൂണല്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതേസമയം ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിര്‍ണായക വിധി സംസ്ഥാന സര്‍ക്കാരിന് ആശ്വാസമായിരിക്കുകയാണ്. പദ്ധതിക്ക് അനുമതി നിഷേധിച്ചിരുന്നെങ്കില്‍, ദ്രുതഗതിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന കേരളത്തിന്റെ സ്വപ്‌ന പദ്ധതി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കേണ്ടി വരുമായിരുന്നു.