ഇപ്പോള്‍ വാങ്ങിയ ബൈക്കില്‍ തൃപ്തനല്ലെന്നും അപ്പാച്ചെ ബൈക്ക് വേണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. പെണ്ണുവീട്ടുകാര്‍ ഇതും സമ്മതിച്ചപ്പോള്‍ സ്വര്‍ണ നെക്ലേസ് വേണമെന്നായി ആവശ്യം

ദില്ലി: വരന്‍റെ സ്ത്രീധന ആവശ്യം അതിരുകടന്നപ്പോള്‍ വധുവിന്‍റെ വീട്ടുകാര്‍ തല പകുതി മൊട്ടയടിച്ച് വിട്ടു. ലഖ്‌നൗവിലെ കുരാംനഗറിലാണ് സംഭവം നടന്നത് സ്ത്രീധനമായി വരന്‍ ചോദിച്ചത് ബൈക്ക്. വധുവിന്‍റെ വീട്ടുകാര്‍ പള്‍സര്‍ ബൈക്ക് തന്നെ വാങ്ങി നല്‍കി. പള്‍സര്‍ എത്തിയപ്പോള്‍ വിവാഹദിനത്തില്‍ വരന്‍ പുതിയ ഡിമാന്‍ഡ് വച്ചു. 

ഇപ്പോള്‍ വാങ്ങിയ ബൈക്കില്‍ തൃപ്തനല്ലെന്നും അപ്പാച്ചെ ബൈക്ക് വേണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. പെണ്ണുവീട്ടുകാര്‍ ഇതും സമ്മതിച്ചപ്പോള്‍ സ്വര്‍ണ നെക്ലേസ് വേണമെന്നായി ആവശ്യം.സംഗതി ഇത്രയുമായപ്പോള്‍ വധുവിന്റെ വീട്ടുകാര്‍ ഇടഞ്ഞു. വരനും ബന്ധുക്കളുമെല്ലാം മദ്യപിച്ചാണ് എത്തിയതെന്ന് പറയുന്നു. 

ഇതിനിടയില്‍ വധുവിന്‍റെ പിതാവിനോട് ആരോ മോശമായി പെരുമാറുക കൂടി ചെയ്തതോടെ സംഗതി വഷളായി.വധുവിന്‍റെ കുടുംബത്തിനൊപ്പമായി അതിഥികളില്‍ ഭൂരിഭാഗവും. സംഗതി പന്തികേടാണെന്ന് മനസ്സിലാക്കി ചിലര്‍ സ്ഥലം വിട്ടു.

വരനും ബന്ധുക്കളും സ്ഥലം വിടാന്‍ നോക്കിയെങ്കിലും രോഷാകുലരായ വധുവിന്റെ വീട്ടുകാര്‍ ഇവരെ തടഞ്ഞുവെച്ചു. പിന്നീട് ഇവര്‍ മൂന്നുപേരെയും സമീപത്തെ പാര്‍ക്കിലെത്തിച്ച് തല പാതി വടിച്ച ശേഷം പോലീസിന് കൈമാറി.