കാഞ്ഞങ്ങാട്: വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയുടെ അശ്ലീല വീഡിയോ ക്ലിപ്പ് കാണിച്ചതിന് യുവാവിനെ വരനും കൂട്ടുകാരും ചേര്‍ന്ന് കുത്തി. കാഞ്ഞങ്ങാട് വെള്ളിക്കോത്ത് സ്വദേശി റിനീഷിനാണ് കുത്തേറ്റത്. നീലേശ്വരം മാര്‍ക്കറ്റിലുള്ള പി.കെ ടവറിലെ ലോഡ്ജ് മുറിയിലാണ് സംഭവം. 

പോലീസ് സംഭവത്തില്‍ പറയുന്നത് ഇങ്ങനെ, ഒരു മാസം മുമ്പ് റിനീഷും വെള്ളിക്കോത്തെ ഒരു അധ്യാപികയും നാടുവിട്ടിരുന്നു. ഇവരെ പിന്നീട് എറണാകുളത്ത് കണ്ടെത്തുകയും യുവതി പിന്നീട് അവരുടെ വീട്ടുകാര്‍ക്കൊപ്പം പോവുകയും ചെയ്തിരുന്നു. 

ഇതിന്‍റെ പേരില്‍ നാട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടായതിനാല്‍ റിനീഷിന് വെള്ളിക്കോത്തേയ്ക്ക് പോകാന്‍ സാധിച്ചില്ല. നീലേശ്വരത്തെ ലോഡ്ജ് മുറിയില്‍ താമസിച്ചുവരികയായിരുന്നു റിനീഷ്. ഇതിനിടയിലാണ്ഇയാളുടെ സുഹൃത്തായ വിജേഷിന്റെ വിവാഹ നിശ്ചയം നടന്നത്.

പ്രതിശ്രുധ വധുവിന്റെ അശ്ലീല വീഡിയോ തന്റെ കൈയിലുണ്ടെന്ന് റിനീഷ് വിജേഷിനെ വിളിച്ചു പറഞ്ഞു. ഇത് കാണിച്ചു കൊടുക്കുകയും ചെയ്തു. ഇതിന്‍റെ പേരില്‍ ലോഡ്ജ് മുറിയില്‍ വെച്ച് വാക്കുതര്‍ക്കം ഉണ്ടാവുകയും റിനീഷിന് കുത്തേല്‍ക്കുകയുമായിരുന്നു. കുത്തേറ്റ റിനീഷിനെതിരെയും കുത്തിയവര്‍ക്കെതിരെയും ഏതാനും കേസുകള്‍ നിലവിലുള്ളതായി പോലീസ് പറഞ്ഞു.

വെള്ളിക്കോത്തെ വിജേഷ്, വെള്ളിക്കോത്തെ വിശാഖ്, ഇവരുടെ സുഹൃത്ത് കാഞ്ഞങ്ങാട് കടപ്പുറത്തെ അജേഷ് എന്നിവര്‍ ചേര്‍ന്നാണ് റിനീഷിനെ കുത്തിയത്. വയറിനും തോളിനും കുത്തേറ്റ റിനീഷിനെ നീലേശ്വരം തേജസ്വിനി ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം മംഗളൂരുവിലെ ആശുപത്രിയിലേക്കു മാറ്റി.