മതപരമായ പരിഹാസത്തെ തുടർന്നുണ്ടായ തർക്കത്തിന് ശേഷമാണ് സംഘം യുവാവിനെ മർദ്ദിച്ച് തുടങ്ങിയത്. പ്രതികള്‍ക്ക് ഒരു സംഘടനയുമായും ബന്ധമില്ലെന്ന് പൊലീസ്

ഗുരുഗ്രാം: സുഹൃത്തിനെ കാണാനെത്തിയ മുസ്ലീം യുവാവിനെ ഭീഷണിപ്പെടുത്തിയും അടിച്ചും താടി വടിപ്പിച്ചു. മേവത്ത് സ്വദേശിയായ ജാഫറുദ്ദീനാണ് അപമാനത്തിനിരയായത്. 

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെയാണ്- ഗുര്‍ഗാവോണിലേക്ക് സുഹൃത്തിനെ കാണാനെത്തിയ ജാഫറുദ്ദീനെ ഒരു സംഘം വഴിയില്‍ വച്ച് അകാരണമായി പരിഹസിക്കാന്‍ തുടങ്ങി. പരിഹാസങ്ങള്‍ക്ക് ചെവി കൊടുക്കാതെ നിന്ന ജാഫറുദ്ദീനെ തുടര്‍ന്ന് മതപരമായും ആക്ഷേപിച്ചു. സംഘത്തിന്റെ പരിഹാസം നീണ്ടുപോയതോടെ ജാഫര്‍ പ്രതികരിക്കുകയും തുടര്‍ന്ന് സംഘം ജാഫറിനെ മര്‍ദ്ദിക്കുകയുമായിരുന്നു. 

മര്‍ദ്ദിച്ച ശേഷം ജാഫറുദ്ദീനെ അടുത്തുള്ള ബാര്‍ബര്‍ ഷോപ്പിലേക്ക് ബലമായി കൂട്ടിക്കൊണ്ടുപോയി താടി വടിപ്പിക്കുകയായിരുന്നു. സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 

എന്നാല്‍ ജാഫര്‍ പിറ്റേന്ന് തന്നെ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. സംഭവത്തില്‍ യു.പി സ്വദേശികളായ ഗൗരവ്, എക്ലാഷ്, ഹരിയാന സ്വദേശിയായ നിതിന്‍ എന്നിവര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവര്‍ക്ക് ഒരു സംഘടനയുമായും ബന്ധമില്ലെന്നും വിഷയം അന്വേഷിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു