ഒമാന്‍: ഒമാനിലെ സൊഹാർ തുറമുഖത്തെ ചരക്കുനീക്കം 26 ശതമാനം കൂടി. വൻകിട നിക്ഷേപങ്ങൾ കൂടിയതാണ് കാരണം. കൂടുതൽ തൊഴിലവസരങ്ങൾക്കും ഇത് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. സൊഹാർ ഫ്രീ സോണിൽ നിക്ഷേപകർ വര്‍ദ്ധിച്ചതോടു കൂടി, സൊഹാർ തുറമുഖത്തു എത്തുന്ന കപ്പലുകളുടെ എണ്ണവും വർധിച്ചു തുടങ്ങി. ഈ വര്ഷം ജനുവരി മുതൽ - സെപ്റ്റംബർ വരെ 2,224 കപ്പലുകളാണ് സൊഹാർ തുറമുഖത്തു എത്തിയത്. കഴിഞ്ഞ വര്‍ഷം, ഇതേ കാലയളവിൽ ഇത് 1761 മാത്രമായിരുന്നു.
നാല്പത്തി അഞ്ചു ചതുരശ്ര കിലോമീറ്റർ വിസൃതിയുള്ള തുറമുഖത്തിൽ ഇരുപതു രണ്ടു ബർത്തുകൾ ആണ് ഉള്ളത്. ജനറൽ കാർഗോ , കണ്ടെയ്‌നറുകൾ , ദ്രാവക വസ്തുക്കൾ എന്നിവ ഇറക്കു മതി ചെയ്യുന്നതിന് സൊഹാർ തുറമുഖത്ത് പ്രത്യേക സജ്ജികരണങ്ങൾ ആണ് ഉള്ളത്. ഗൾഫു പ്രതിസന്ധി ആരംഭിച്ച ശേഷം ഖത്വാറിലേക്കുള്ള ചരക്കു നീക്കം സൊഹാർ തുറമുഖം വഴി കയറ്റുമതി ചെയ്യുന്നത് വർധിക്കുകയും ചെയ്തു. ഒമാനിൽ ലോജിസ്റ്റിക് മേഖലയിൽ ധാരാളം വിദേശ നിക്ഷേപണങ്ങൾ ആണ് നടന്നു വരുന്നത് , ഇത് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുവാൻ വഴി തുറക്കുമെന്നും അധികൃതർ വ്യക്തമാക്കി.
സൊഹാർ വ്യവസായ മേഖലയിൽ ഇതിനകം 26 ബില്യൺ അമേരിക്കൻ ഡോളറിൻറെ നിക്ഷേപങ്ങൾ ആണ് നടന്നിരിക്കുന്നത്. തുറമുഖത്തു ആഴ്ചയിൽ ഒരു ദശലക്ഷം ടൺ ചരക്ക് നീക്കവും നടന്നു വരുന്നു. 2040 ആകുമ്പോഴേക്കും സൊഹാർ തുറമുഖം ലോകത്തിലെ മികച്ച ലോജിസ്റ്റിക്സ് ഹബ്ബുകളുടെ നിരകളിൽ സ്ഥാനം പിടിക്കുമെന്നാണ് വിലയിരുത്തപെടുന്നത്.
