ദില്ലി: റിയൽ എസ്റ്റേറ്റിനെ ജിഎസ്ടി യിൽ ഉൾപ്പെടുത്തുന്നതിനെ ശക്തമായി എതിർക്കുമെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്ക്. വേണമെങ്കിൽ ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഇതിനെ അനുകൂലിക്കുകയാണ്. ഈ തീരുമാനം മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജിഎസ്ടിയിൽ റിയൽ എസ്റ്റേറ്റ് ഉൾപ്പെടുത്തിയാൽ വർഷം 1500 കോടിയുടെ നഷ്ടം സംസ്ഥാനത്തിനുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ധനകാര്യ കമ്മീഷന്റെ ശുപാർശ പ്രകാരം സംസ്ഥാനങ്ങൾക്ക് നൽകേണ്ട മുഴുവൻ തുകയും കേന്ദ്രം നൽകണമെന്ന് കേരളം ആവശ്യപ്പെടും. ആരോഗ്യ ഇൻഷുറൻസ് തുക 30000 രൂപയിൽ നിന്ന് ഒരു ലക്ഷം രൂപയാക്കണം. കേന്ദ്രത്തിന്റെ വായ്പ പരിധി മൂന്ന് ശതമാനത്തിൽ നിന്ന് മൂന്നര ശതമാനമാക്കണമെന്നും കേരളം ആവശ്യപ്പെടുമെന്ന് മന്ത്രി പറഞ്ഞു. ബഡ്ഡജറ്റിന് മുമ്പ് ഇന്ന് നടക്കുന്ന ജിഎസ്ടി കൗണ്‍സിലില്‍ പങ്കെടുക്കാന്‍ ദില്ലിയിലെത്തിയതായിരുന്നു തോമസ് ഐസക്.