കോഴിക്കോട്: ജിഎസ്ടിയില്‍ ആശയക്കുഴപ്പം തുടരുന്നു. യഥാസമയം റിട്ടേണ്‍ സമര്‍പ്പിച്ചവര്‍ക്കും പിഴ നല്‍കേണ്ടി വരുന്നതായാണ് പരാതി. അപാകതകള്‍ ചര്‍ച്ചചെയ്യാന്‍ ധനമന്ത്രിയുടെ അധ്യക്ഷതയില്‍ വ്യാപാര വ്യവസായ സംഘടനകളുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ജിഎസ്ടി നിയമപ്രകാരം എല്ലാമാസവും 20ന് മുമ്പ് നികുതിയടച്ച് റിട്ടേണുകള്‍ സമര്‍പ്പിക്കണം. 

എന്നാല്‍ ഇതു പ്രകാരം കഴിഞ്ഞമാസത്തെ റിട്ടേണ്‍ സമര്‍പ്പിക്കാനായി ജിഎസ്ടി നെറ്റ് വര്‍ക്ക് തുറന്ന നികുതിദായകര്‍ ഞെട്ടി. കൃത്യമായി നികുതി അടച്ചിട്ടും പിഴയടയ്ക്കാന്‍ നിര്‍ദ്ദേശം വന്നിരിക്കുന്നു. ദിവസം 200 രൂപ തോതിലാണ് പിഴ. നികുതി അടയ്ക്കുകയും ജിഎസ്ടി നെറ്റ് വര്‍ക്ക് വഴി റിട്ടേണ്‍ സമര്‍പ്പിക്കുകയും ചെയ്‌തെങ്കിലും ഫയലിംഗ് എന്ന ഓപ്ഷനില്‍ പോയി ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ നല്‍കാത്തതാണ് ഇതിന് കാരണം. 

ജിഎസ്ടി നിലവില്‍ വന്ന് മൂന്ന് മാസം പിന്നിട്ടിട്ടും നികുതിദായകരുടെ ആശങ്ക കൂടുകയല്ലാതെ കുറയുന്നില്ല. ഇതിനിടെ കേന്ദ്ര സര്‍ക്കാര്‍ 48 ഓളം വിജ്ഞാപനങ്ങള്‍ പുറത്തിറക്കുകകൂടി ചെയ്തതോടെ ഉദ്യോഗസ്ഥരും ആശയക്കുഴപ്പത്തിലായി. ജില്ലാ തലങ്ങളില്‍ പ്രഖ്യാപിച്ച പരാതി പരിഹാര സെല്ലുകള്‍ നിലവില്‍ വന്നിട്ടുമില്ല. ചെറുകിടക്കാര്‍ക്ക് ആശ്വാസം നല്‍കാനായി കഴിഞ്ഞ ജിഎസ്ടി കൗണ്‍സില്‍ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും ഇതു സംബന്ധിച്ച വിജ്ഞാപനം ഇനിയും പുറത്തിറങ്ങിയിട്ടുമില്ല.