ലോകത്തിലെ ഏറ്റവും നീളമുള്ള നഖങ്ങൾ മുറിച്ചു ശ്രീധർ ചില്ലല്ലിന് ഇടതുകൈയുടെ ചലനശേഷി നഷ്ടമായി
ന്യൂയോര്‍ക്ക്: 66 വർഷം നീട്ടി വളർത്തിയ കൈ നഖങ്ങൾ മുറിച്ചു മാറ്റിയപ്പോൾ ശ്രീധർ ചില്ലല്ലിന് ഇടതു കൈയുടെ ചലനശേഷി നഷ്ടമായി. പുണെ സ്വദേശിയായ ശ്രീധർ ചില്ലല്‍(81) കഴിഞ്ഞ ബുധനാഴ്ച ന്യൂയോര്‍ക്കിലെത്തിയാണ് 31 അടിയിലേറെ നീളമുള്ള ഗിന്നസ് റേക്കോർഡ് നഖങ്ങൾ മുറിച്ചു മാറ്റിയത്.
നഖം നീട്ടി വളർത്തിയതും അതിന്റെ ഭാരവും മൂലമാണ് ശ്രീധർ ചില്ലല്ലിന്‍റെ ഇടതുകൈയ്ക്ക് സ്ഥിരമായ വൈകല്യം ബാധിച്ചത്. ഇടതുകൈ തുറക്കാനോ വിരലുകൾ അനക്കാനോ കഴിയാതെയായി. ഭാര്യയും രണ്ടു മക്കളും പേരക്കുട്ടികളുമായി സാധാരണ ജീവിതം നയിച്ചിരുന്ന ശ്രീധർ നഖം നീട്ടി വളർത്തുന്നതിൽ നിന്നും ഒരിഞ്ച് പോലും പിന്നോട്ടടിപ്പിച്ചിരുന്നില്ല. എന്നാൽ പ്രായം കൂടുംതോറും നീണ്ട നഖങ്ങൾ പാലിക്കാൻ ശ്രീധർ വളരെയേറെ ബുദ്ധിമുട്ടി. ചെറിയ കാറ്റ് പോലും ശ്രീധറിന്റെ ഉറക്കം തടസ്സപ്പെടുത്തിയിരുന്നു. ഇതോടെയാണ് നഖങ്ങൾ മുറിച്ചു മാറ്റാൻ ശ്രീധർ തീരുമാനിച്ചത്.
ന്യൂയോര്‍ക്ക് ടൈംസ് സ്ക്വയറിലെ ' റിപ്ലീസ് ബിലീവ് ഇറ്റ് ഓർ നോട്ട്' മ്യൂസിയത്തിനാണ് ശ്രീധർ നഖങ്ങൾ കൈമാറിയത്. ലോകത്തിലെ ഏറ്റവും നീളം കൂടിയ നഖങ്ങൾ മ്യൂസിയത്തിൽ പ്രദർശനത്തിന് വയ്ക്കുമന്ന് അധികൃതർ അറിയിച്ചു. വിദ്യാർഥിയായിരിക്കെ സ്കൂൾ അധ്യാപകന്റെ നീണ്ട നഖം അബദ്ധത്തിൽ ഒടിച്ചതിന് അദ്ദേഹം ശാസിച്ചതാണ് നീണ്ട നഖം വളർത്താനുള്ള കാരണം. 1952ലായിരുന്നു സംഭവം. അന്നു മുതലാണ് ശ്രീധർ നഖങ്ങള്‍ വളര്‍ത്താന്‍ തുടങ്ങിയത്. 2016 ലാണ് ലോകത്തിലെ ഏറ്റവും നീളമുള്ള നഖത്തിന്റെ ഉടമയ്ക്കുള്ള ഗിന്നസ് റെക്കോഡ് ശ്രീധരന് ലഭിച്ചത്.
