അഹമ്മദാബാദ്: ഗുജറാത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ മൂന്ന് ദിവസത്തിനിടെ കൊല്ലപ്പെട്ടത് 18 നവജാത ശിശുക്കള്‍. അഹമ്മദാബാദിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. 24 മണിക്കൂറിനിടെ ഇവിടെ ഒമ്പത് നവജാത ശിശുക്കള്‍ മരണത്തിന് കീഴടങ്ങി.

വ്യത്യസ്ഥമായ ആരോഗ്യ പ്രശ്‌നങ്ങളുടെ പേരിലാണ് കുട്ടികള്‍ മരിച്ചത്. ശ്വാസംമുട്ടല്‍, തൂക്കക്കുറവ് തുടങ്ങിയ രോഗങ്ങളാലാണ് കുട്ടികള്‍ മരിച്ചത്. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നംഗ മെഡിക്കല്‍ സംഘമാണ് അന്വേഷണം നടത്തുക. സംഭവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ വന്‍ പോലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. ബന്ധുക്കള്‍ പ്രശ്‌നമുണ്ടാക്കാനുള്ള സാധ്യത കണക്കിലെടുത്താണിത്.

കുട്ടികളുടെ മരണത്തിന് ഉത്തരവാദി മുഖ്യമന്ത്രി വിജയ് രൂപാനിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഉത്തര്‍പ്രദേശിലെ ഗോരക്പൂരില്‍ നവജാത ശിശുക്കളുള്‍പ്പെടെ എണ്‍പതോളം കുട്ടികള്‍ മരണപ്പെട്ടത് വന്‍ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. അസംബ്ലി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ സംഭവം ബി.ജെ.പിക്ക് തലവേദനയായിരിക്കുകയാണ്.