അഹമ്മദാബാദ്: ഗുജറാത്തിൽ ബിജെപി ചരിത്ര വിജയത്തിലേക്ക് നീങ്ങുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണമാറ്റം വരാൻ പോകുന്നുവെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ മറുപടി. ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായതോടെ രണ്ടാംഘട്ടത്തിലെ 93 മണ്ഡലങ്ങളിലേക്ക് ഇരുപാർട്ടികളും പ്രചാരണം കേന്ദ്രീകരിച്ചു
സൗരാഷ്ട്രയിലെ മോബ്രി ജില്ലയിലുള്ള ഗജാഡിയെന്ന ഗ്രാമം ഇന്നലെ വോട്ടെടുപ്പ് ബഹിഷ്കരിച്ചു. വെള്ളം വൈദ്യുതി റോഡ് എന്നിയൊന്നും ഗ്രാമത്തിലെത്തുന്നില്ലെന്ന് പറഞ്ഞാണ ഇവിടുത്തെ 1065 വോട്ടർമാർ ബൂത്തിലേക്ക് പോകാതിരുന്നത്. ഒരുമാസത്തിലേറെ നീണ്ട വാശിയേറിയ പ്രചാരണം നടന്നിട്ടും 2012ലെ 71.3 ശതമാത്തിലേക്ക് പോളിംഗ് എത്തിയില്ല. 68 ശതമാനം ഭേതപ്പെട്ട പോളിംഗ് ആണെങ്കിലും കഴിഞ്ഞതവണത്തെ റെക്കോർഡ് മറികടക്കുമെന്ന പ്രതീക്ഷയിലായിരുന്നു രാഷ്ട്രീയ പാർട്ടികൾ. ബിജെപി ചരിത്ര വിജയത്തിലേക്ക് നീങ്ങുകയാണെന്ന് വോട്ടെടുപ്പ് പൂർത്തിയായ ശേഷം പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.
ഗുജറാത്തിൽ കോൺഗ്രസ് ഭരണമാറ്റം ഉണ്ടാക്കുമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. പോർബന്ധറിലെ മൂന്ന് മുസ്ലീം ഭൂരിപക്ഷ ബൂത്തുകളിൽ വോട്ടിംഗ് മെഷീൻ ബ്ലൂടുത്ത് വഴി കണക്ട് ചെയ്ത് തിരിമറിനടത്തി എന്ന കോൺഗ്രസ് ആരോപണത്തെ തള്ളുകയാണ് ബിജെപി. വോട്ടിംഗ് മെഷീനിനെ കുറ്റം പറയുന്നത് തോൽവി ഭയന്നാണ് എന്നാണ് അരുൺ ജെയ്റ്റ്ലി അഹമ്മദാബാദിൽ ആരോപിച്ചത്. വോട്ടിംഗ് പൂർത്തിയായ സൗരാഷ്ട്ര കച്ച് തെക്കൻ ഗുജറാത്ത് എന്നിവിടങ്ങളിൽ കഴിഞ്ഞ തവണ 63 സീറ്റ് ബിജെപി നേടിയിരുന്നു.
കോൺഗ്രസിന് 22 ഇടത്താണ് ജയിക്കാനായത്. ഗ്രാമങ്ങളിൽ കോൺഗ്രസിന്റെയും നഗരങ്ങളിൽ ബിജെപിയുടെയും മുന്നേറ്റമാണ് പ്രചാരണത്തിൽ ദൃശ്യമായത്. കഴിഞ്ഞ തവണ സൂറത്ത് ജില്ലയിലെ 16ൽ പതിനഞ്ച് സീറ്റും ബിജെപിക്കായിരുന്നു ഇത്തവണ ഹാർദികിന്റെ പിന്തുണയും കച്ചവടക്കാർ ബിജെപിക്ക് എതിരായതും കാരണം 10 സീറ്റിലെങ്കിലും ജയിക്കാനാകുമെന്ന് കോൺഗ്രസ് കണക്ക് കൂട്ടുന്നു.
