അഹമ്മദാബാദ്: ഹിമാചലിന് ശേഷം, ഗുജറാത്തിലെ പ്രചാരണത്തിലേക്ക് പൂര്‍ണ ശ്രദ്ധ പതിപ്പിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കാന്‍ സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ ദില്ലിയില്‍ തെരഞ്ഞെടുപ്പ് കമ്മറ്റി യോഗം ചേരും. കോണ്‍ഗ്രസ് പയറ്റാനൊരുങ്ങുന്ന ജാതി രാഷ്ട്രീയത്തിനെതിരെ വികസന രാഷ്ട്രീയം ഉയര്‍ത്തിയായിരിക്കും മോദിയുടെ പ്രചാരണം. ഗുജറാത്ത് വികാരം ആളിക്കത്തിച്ചും പ്രതിപക്ഷത്തെ കടന്നാക്രമിച്ചും പ്രധാനമന്ത്രി അന്‍പതിലധികം റാലികള്‍ സംസ്ഥാനത്ത് നടത്തും.

പട്ടേല്‍ പ്രതിഷേധവും ദളിത് ഒബിസി വിഭാഗങ്ങളുടെ അസംതൃപ്തിയുമെല്ലാം മോദിയുടെ പ്രചാരണത്തിലൂടെ മറികടക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി. അതേസമയം ഗുജറാത്ത് മുഖ്യമന്ത്രി അംഗമായ കമ്പനി സാമ്പത്തീക ക്രമക്കേട് നടത്തിയതിന് സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ പതിനഞ്ച് ലക്ഷം പിഴ ചുമത്തിയത് കോണ്‍ഗ്രസ് പ്രചാരണ ആയുധമാക്കി. സെബിയുടെ നടപടി നേരിട്ട വിജയ് രൂപാണി രാജിവയ്ക്കണമെന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സമുദായ നേതാക്കളെ കൂട്ടുപിടിച്ച് സഖ്യം വിപുലീകരിക്കുന്ന കോണ്‍ഗ്ര് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടന്നു. 

സോണിയാ ഗാന്ധിയുടെനേതൃത്വത്തില്‍ ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി അന്തിമ സ്ഥാനാര്‍ത്ഥിപട്ടികയ്ക്ക് രൂപം നല്‍കും. കോണ്‍ഗ്രസിന്റെ പ്രകടന പത്രിക തയ്യാറാക്കാനുള്ള ചുമതല ടെലികോം രംഗത്തെ പ്രമുഖന്‍ സാംപിത്രോദയ്ക്കാണ്. സാം പിത്രോദ വരും ദിവസങ്ങളില്‍ വഡോദ്ര, അഹമ്മദാബാദ്, രാജ്‌കോട്ട്, ജാംനഗര്‍ സൂറത്ത് എന്നീ നഗരങ്ങളിലെ ജനങ്ങളുമായി സംവദിക്കും. ജനങ്ങളുടെ മാനിഫെസ്റ്റോ തയ്യാറാക്കാനാണ് രാഹുല്‍ ഗാന്ധി തന്നോട് ആവശ്യപ്പെട്ടതെന്ന് സാംപിത്രോദ വ്യക്തമാക്കി.