ഗാന്ധിനഗര്‍: ഡിസംബറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിൽ ബിജെപി സ്ഥാനാർത്ഥികളെ നവംബർ 11 ന് പ്രഖ്യാപിക്കും. വംശവാഴ്ചയാണ് കോൺഗ്രസിലെന്നാരോപിക്കുന്ന ബിജെപി ഗുജറാത്ത് മോഡൽ വികസനം പ്രചാരണ ആയുധമാക്കുകയാണ്. എന്നാൽ സാമൂര്യരംഗത്തെ മുരടിപ്പ് ചൂണ്ടിക്കാട്ടി ഗുജറാത്തിലെ വികസനത്തിന് ഭ്രാന്തുപിടിച്ചു എന്ന ക്യാംപെയിനാണ് രാഹുൽ ഗാന്ധി നടത്തുന്നത്.

2003ലാണ് വ്യവസായികളെ ആകർഷിക്കാനായി നരേന്ദ്രമോദി വൈബ്രന്‍റ് ഗുജറാത്ത് എന്ന ആശയം ആദ്യം അവതരിപ്പിച്ചത്. ചുവപ്പുനാട ഒഴിവാക്കി വ്യവസായികൾക്ക് സംരംഭം തുടങ്ങാൻ സ്ഥലം എളുപ്പം ലഭ്യമാക്കുകയും പരിസ്ഥിതി അനുമതി വേഗത്തിൽ നൽകുകയും ചെയ്തു. സിംഗൂരിൽ മമത ബാനർജി ഫാക്ടറി നാനോ കാർ ഫാക്ടറി പൂട്ടിച്ചപ്പോൾ മോദി ടാറ്റ്ക്ക സൗജന്യ നിരക്കിൽ സ്ഥലം നൽകിയത് ഗുജറാത്ത് നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന ഖ്യാതി പരത്തി. 

ഇന്ത്യയിൽ ഏറ്റവും അധികം പേർക്ക് തൊഴിലുള്ള സംസ്ഥാനം ഗുജറാത്താണ്. വിദേശനിക്ഷേപം ആകർഷിക്കുന്നതിലും മോദിയുടെ ഗുജറാത്ത് മുന്നിലാണ്. എന്നാൽ സാക്ഷരതയിലും ശിശുമരണ നിരക്കിലും സംസ്ഥാനം ഏറെ പിന്നിലാണ്.

ഞാൻ ഗുജറാത്ത് ഞാൻ വികസനം എന്ന ക്യാംപെയിനിലൂടെയാണ് ബിജെപി കോൺഗ്രസിന്റെ ആരോപണങ്ങളെ ചെറുക്കുന്നത്. സംസ്ഥാനതലത്തിൽ സ്ഥാനാർത്ഥപട്ടികയുണ്ടാക്കിയ ബിജെപി ഓരോ സീറ്റിലും മൂന്ന് പേരുകൾ കണ്ടെത്തി ദേശീയ നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. നവംബർ 9 മുതൽ 11വരെ ദില്ലിയിൽ അമിത് ഷായുടെ നേതൃത്വത്തിൽനടക്കുന്ന പാർലമെന്റി യോഗത്തിൽ അന്തിമ സ്ഥാനാർത്ഥിപട്ടിക തയ്യാറാകും.