അഹമ്മദാബാദ് : ഗുജറാത്ത് തെരഞ്ഞെടുപ്പിനുള്ള 77 പേരടങ്ങിയ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടതിന് തൊട്ടുപിന്നാലെ കോണ്‍ഗ്രസ് ഓഫീസുകള്‍ അടിച്ച് തകര്‍ത്ത് ഹര്‍ദ്ദിക് പട്ടേല്‍ അനുകൂലികള്‍. സീറ്റ് തര്‍ക്കത്തെ ചൊല്ലിയാണ് പട്ടേല്‍ അനാമത് ആന്തോളന്‍ പ്രവര്‍ത്തകര്‍(പിഎഎഎസ്) ഓഫീസുകള്‍ അടിച്ചു തകര്‍ത്തത്. സൂറത്ത്, ഭാവ്നഗര്‍ എന്നിവിടങ്ങളിലെ കോണ്‍ഗ്രസ് ഓഫീസുകളാണ് അടിച്ച് തകര്‍ത്തത്. സംസ്ഥാനത്ത് പല ഭാഗത്തും കോണ്‍ഗ്രസിന് നേരെ പട്ടേല്‍ അനുയായികള്‍ പ്രതിഷേധം അഴിച്ചുവിട്ടു. അഹമ്മദാബാദില്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഭരത് സിംഗ് സോളങ്കിയുടെ വീടിന് മുന്നില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.
ഇന്നലെ കോണ്ഗ്രസ് പ്രഖ്യാപിച്ച 77 സീറ്റുകളില്‍ 2 പിഎഎ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പട്ടേല്‍ വിഭാഗത്തിന് 20 സീറ്റുകളാണ് നല്‍കിയത്. ലളിത് വസ്തോബ, നിലേഷ് പട്ടേല്‍ എന്നീ ഹര്‍ദ്ദികിന്‍റെ അടുത്ത അനുയായികളുടെ പേരും ഇന്നലെ പുറത്തുവിട്ട സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ടായിരുന്നു. സ്താനാര്‍ത്ഥി പട്ടിക തങ്ങളോട് പറയാതെ പ്രഖ്യാപിച്ചതിലെ പ്രതിഷേധമാണെന്നാണ് പ്രത്യക്ഷത്തില്‍ പറയുന്നതെങ്കിലും പിഎഎഎസിനെ അവഗണിച്ചതാണ് പ്രതിഷേധത്തിന്‍റെ പ്രധാന കാരണമായി വിലയിരുത്തുന്നത്. രാജകോട്ടില്‍ ഇന്ന് ഹര്‍ദ്ദിക് പട്ടേല്‍ പൊതു സമ്മേളനം വിളിച്ചിട്ടുണ്ട്. ഇതിന് ശേഷമായിരിക്കും ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പട്ടേല്‍ അനാമത് അന്തോളന്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമോ എന്ന കാര്യത്തില്‍ വ്യക്തത ലഭിക്കുക.
ആദിവാസി വിഭാഗത്തിൽ നിന്നുള്ള 11 പേരും പട്ടികജാതി വിഭാഗത്തിൽപെട്ട ഏഴ് പേരും കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കും. 22 വർഷമായി ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് സമുദായ നേതാക്കളെ കൂട്ടുപിടിച്ച് കടുത്ത പോരാട്ടം നടത്തുകയാണ് കോൺഗ്രസ്. 182 അംഗ ഗുജറാത്ത് നിയമസഭയിലേക്ക് ഡിസംബർ 9, 14 തീയതികളിൽ 2 ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബർ 18 ന് ഹിമാചൽ പ്രദേശിനൊപ്പമാണ് വോട്ടെണ്ണൽ.
