അഹമ്മദാബാദ്: ഗുജറാത്തിലെ മുൻ ബി ജെ പി എം എൽ എയായ ജയന്തി ഭാനുശാലിയുടെ കൊലപാതക കേസിൽ മുഖ്യപ്രതിയായ ബി ജെ പി നേതാവ് യു എസിലേക്ക് കടന്നതായി റിപ്പോർട്ട്. കേസിലെ മുഖ്യപ്രതിയായ ബി ജെ പി നേതാവ് ഛാബില്‍ പട്ടേലാണ് യു എസിലേക്ക് പറന്നതെന്ന് ഇന്ത്യൻ എക്സപ്രസ് റിപ്പോർട്ട് ചെയ്യുന്നു. തിങ്കളാഴ്ച രാത്രിയാണ് നബുജില്‍ നിന്നും അഹമ്മാദാബാദിലേക്കുള്ള ട്രെയിൻ യാത്രക്കിടെ അജ്ഞാതനായ ആളുടെ വെടിയേറ്റ് ഭാനുശാലി കൊല്ലപ്പെടുന്നത്. 

ചൊവ്വാഴ്ച രാവിലെ അഞ്ചുമണിക്കുള്ള വിമാനത്തിൽ പട്ടേല്‍ യു എസിലേക്കു പോയെന്നാണ് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ ഡി എസ് പി ജഗദീഷ് സിങ് റോൾ പറയുന്നത്. അതേസമയം രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ പട്ടേൽ ഭാനുശാലിയെ കൊലപ്പെടുത്തിയതെന്നാണ് അദ്ദേഹത്തിന്റെ ബന്ധുക്കളുടെ ആരോപണം. പട്ടേലിനെ കൂടാതെ ഇയാളുടെ മകൻ സിദ്ധാർത്ഥ് ഉൾപ്പടെ മറ്റുമൂന്നുപേര്‍ കൂടി കൊലപാതകത്തിൽ പങ്കാളികളാണെന്നും കുടുംബം ആരോപിക്കുന്നുണ്ട്.

ജയന്തി ഭാനുശാലി സംഭവ ദിവസം സായ്‌ജി നഗരി എക്‌സ്പ്രസിലെ എ സി കോച്ചിലായിരുന്നു യാത്ര ചെയ്തിരുന്നത്. കട്ടാരിയ-സുര്‍ബാരി എന്നീ സ്‌റ്റേഷനുകൾക്കിടയിൽ വെച്ചാണ് വെടിയേറ്റതെന്നായിരുന്നു റിപ്പോര്‍ട്ട്. കഴിഞ്ഞ വർഷം അബ്‌ദാസ മണ്ഡലത്തില്‍ നിന്നുള്ള എം എൽ എയായ ജയന്തിലാലിനെതിരെ ​​ബലാത്സം​ഗ ആരോപണവുമായി യുവതി രം​ഗത്തെത്തിരുന്നു. 

ഫാഷന്‍ ഡിസൈനിങ്  കോളജില്‍ പ്രവേശനം നേടിത്തരാമെന്ന് വാഗ്ദാനം ചെയ്ത് തന്നെ നിരവധി തവണ പീഡിപ്പിച്ചുവെന്നായിരുന്നു സൂറത്ത് സ്വദേശിനിയായ 21കാരിയുടെ ആരോപണം. ഇതോടെ ഇദ്ദേഹം രാജി വെക്കുകയും ചെയ്തു. കച്ച് ജില്ലയിലെ ബി ജെ പി വൈസ് പ്രസിഡന്റായിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ രാജി.