ബംഗളൂരു: ഗുജറാത്തിലെ 38 കോൺഗ്രസ് എംഎൽഎമാരെ ബംഗളൂരുവിലെ റിസോർട്ടിലേക്ക് മാറ്റി. എംഎൽഎമാരെ ബിജെപി സ്വാധീനിക്കുന്നത് തടയാനാണ് കോൺഗ്രസ് നീക്കം. ഓഗസ്റ്റ് എട്ടിന് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ എംഎൽഎമാർ ബെംഗളൂരുവിൽ തുടരുമെന്നാണ് സൂചന.

ആകെയുളള 57 പേരിൽ പാർട്ടിവിട്ട ശങ്കർ സിങ് വഗേലയുടെ അടുപ്പക്കാരായ ആറ് പേർ രാജിവച്ച് ബിജെപിയിലെത്തി.ബാക്കിയുളള 51ൽ പതിനഞ്ചോളം പേർ മറുകണ്ടം ചാടാൻ ഒരുങ്ങുന്നുവെന്ന സൂചനകൾ. കൂടുതൽ നഷ്ടം ഉണ്ടാകാതിരിക്കാനുളള മുൻകരുതലെടുത്താണ് ഇന്ന് പുലർച്ചെ രണ്ടരയോടെ എംഎൽഎമാരെ കോൺഗ്രസ് ബെംഗളൂരുവിലേക്ക് മാറ്റിയത്.
നാൽപ്പത്തിനാല് എംഎൽഎമാർ എത്തുമെന്നായിരുന്നു അറിയിപ്പെങ്കിലും ആറ് പേർ കുറവ്. പിന്നാലെ വരുമെന്നായിരുന്നു നേതാക്കളുടെ മറുപടി.

പാർട്ടി ഭരിക്കുന്ന കർണാടകത്തിൽ എംഎൽഎമാരെ താമസിപ്പിക്കുന്നത് വലിയ കുഴപ്പമുണ്ടാക്കില്ലെന്ന വിലയിരുത്തലിലാണ് കോൺഗ്രസ്. അഹമ്മദാബാദിൽ നിന്ന് പൊടുന്നനെ ബെംഗളൂരുവിലേക്ക് പറന്നതിനെക്കുറിച്ച് എംഎൽഎമാർ വിശദമായ പ്രതികരണങ്ങൾ നടത്തിയില്ല.

പണമെറിഞ്ഞും സീറ്റ് വാഗ്ദാനം നൽകിയും എംഎൽഎമാരെ ബിജെപി ചാക്കിട്ടുപിടിക്കുയാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. ഓഗസ്റ്റ് 8ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലിന് വിജയിക്കാനുളള സാഹചര്യമൊരുക്കാനാണ് പാർട്ടി ശ്രമം. 47 പേരുടെ പിന്തുണയാണ് പട്ടേലിന് വേണ്ടത്. കലാപക്കൊടി ഉയർത്തി കൂടുതൽ എംഎൽഎമാർ രാജിക്കൊരുങ്ങിയാൽ അത് അസാധ്യമാകും. രാജ്യസഭാ തെരഞ്ഞെടുപ്പ് വരെ എംഎൽഎമാർ ബെംഗളൂരു നഗരത്തിൽ നിന്ന് 40 കിലോമീറ്റർ അകലെയുളള റിസോർട്ടിൽ തങ്ങുമെന്നാണ് സൂചന.ഏതായാലും റിസോർട്ട് രാഷ്ട്രീയത്തിന്‍റെ മറ്റൊരധ്യായത്തിന് ബെംഗളൂരുവിൽ തുടക്കമായി.