അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പിലെ ഒന്നാംഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചരണം ഇന്നത്തോടെ അവസാനിച്ചു. ആരോപണങ്ങളും പ്രത്യാരോപണങ്ങളും വിവാദങ്ങളും കൊണ്ടു സജീവമായ പ്രചരണത്തിന്റെ അവസാനദിവസം സജീവചര്‍ച്ചയായത് അഹമ്മദ് പട്ടേലിന്റെ ബാനറും, മണിശങ്കര്‍ അയ്യറുടെ പ്രസ്താവനയുമാണ്. 

മുഖ്യമന്ത്രിസ്ഥാനത്തേക്ക് അഹമ്മദ്പട്ടേല്‍ എത്തുമെന്നും മുസ്ലീംകള്‍ പട്ടേലിനായി ഒന്നിക്കണമെന്നും ആഹ്വാനം ചെയ്തു കൊണ്ടുള്ള പോസ്റ്ററിന്റെ ചിത്രം സമൂഹ്യമാധ്യമങ്ങളില്‍ സജീവമായി പ്രചരിക്കപ്പെടുന്നുണ്ട്. എന്നാല്‍ പോസ്റ്ററിനു പിന്നില്‍ ബിജെപിയാണെന്നാരോപിച്ച അഹമ്മദ് പട്ടേല്‍ തോല്‍വിഭയന്നാണിതെന്നും പ്രതികരിച്ചു. രാമക്ഷേത്രം ചര്‍ച്ചയാക്കിയതിന് പിന്നാലെ മുസ്ലീം പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നു വരുത്താനുള്ള ബിജെപി തന്ത്രമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.

സൗരാഷ്ട്ര, തെക്കന്‍ ഗുജറാത്ത്, കച്ച് എന്നീ മേഖലകളിലെ 89 മണ്ഡലങ്ങളാണ് മറ്റന്നാള്‍ പോളിംഗ് ബുത്തിലേക്ക് പോകുന്നത്. രാജ്‌കോട്ട് വെസ്റ്റില്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും കോണ്‍ഗ്രസ് എംഎല്‍എ ഇന്ത്രാനില്‍ രാജ്യഗുരുവും തമ്മിലാണ് പ്രധാനപോരാട്ടം.

ബിജെപി പ്രചാരണം നയിച്ച നരേന്ദ്രമോദി കോണ്‍ഗ്രസിനെകടന്നാക്രമിക്കുന്നതോടൊപ്പം, ഗുജറാത്ത് പ്രാദേശിക വാദം, രാമക്ഷേത്ര നിര്‍മാണം, ചായക്കാരന്‍ പരാമര്‍ശം മണിശങ്കര്‍ അയ്യരുടെ നീചമനുഷ്യന്‍ പ്രയോഗം തുടങ്ങിയവയെല്ലാം ചര്‍ച്ചയാക്കി.

രാഹുല്‍ ഗാന്ധി മോദിയുടെ നയങ്ങളെ വിമര്‍ശിച്ചാണ് പ്രചാരണം കൊഴുപ്പിച്ചത്. ബിജെപിക്കെതിരെ പതിനായിരങ്ങളെ അണി നിരത്തി റാലികള്‍ നടത്തിയ ഹാര്‍ദിക് ശ്രദ്ധ പിടിച്ചുപറ്റി . കര്‍ഷക രോഷവും ജിഎസ്ടിയും, നോട്ട് നിരോധനവും, വ്യാപാരികള്‍ നടത്തിയ സമരവുമെല്ലാം ബിജെപിക്കെതിരെ ജനരോഷമുണ്ടെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും ഇതെല്ലാം ബിജെപിയെ പരാജയപ്പെടുത്താന്‍ തക്ക കാരണങ്ങളായി മാറുമോ എന്നതാണ് ഉറ്റുനോക്കപ്പെടുന്നത്.