ഗുജറാത്തിൽ പതിനൊന്നുകാരിയെ ബലാത്സംഗം ചെയ്ത് സംഭവം: അന്വേഷണം സിബിഐക്ക് കൈമാറും
അഹമ്മദാബാദ്: ഗുജറാത്തിൽ പതിനൊന്നുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ അന്വേഷണം സിബിഐക്ക് കൈമാറും. 10 ദിവസമായിട്ടും പ്രതികളെ പിടികൂടാത്തതിനെതിരെ ഗുജറാത്തിൽ പ്രതിഷേധം ശക്തമായി. പെൺകുട്ടി ഒഡിഷ സ്വദേശിയാണെന്നാണ് പ്രാഥമിക നിഗമനം.
ഒഡീഷ ഡിജിപിയുമായി ആശയവിനിമയം നടത്തി കഴിഞ്ഞു. അന്വേഷണവുമായി സഹകരിക്കാൻ ആവിശ്യപ്പെടും.പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കുന്നുണ്ടെന്നും ആഭ്യന്തര സഹമന്ത്രി പ്രദീപ് സിംഗ് പറഞ്ഞു.
സൂറത്തിലെ ഒരു മൈതാനത്ത് ഈ മാസം ആറിനാണ് ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതികളെ കുറിച്ചുള്ള ഒരു സൂചനയും പൊലീസിന് കിട്ടിയിട്ടില്ല. അന്വേഷണത്തിന്റെ തുടക്കത്തിൽ പൊലീസ് വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ലന്ന ആക്ഷേപവും ഉയർന്നു.
വിഷയം ദേശീയ ശ്രദ്ധ നേടിയതോടെയാണ് അന്വേഷണം സിബിഐക്ക് വിടാൻ ഗുജറാത്ത് സർക്കാർ തീരുമാനിച്ചത്. പെൺകുട്ടിയുടെ ബന്ധുക്കളെ കുറിച്ചും വിവരമൊന്നുമില്ല. ഒഡിഷ സർക്കാരുമായി ആശയവിനിമയം നടത്തിയെന്ന് ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി പ്രദീപ് സിംഗ് പറഞ്ഞു.
അന്വേഷണം കാര്യക്ഷമമല്ലെന്നാരോപിച്ച് നൂറുകണക്കിനാളുകൾ സൂറത്ത് നഗരത്തിൽ പ്രകടനം നടത്തി. സംസ്ഥാനത്ത് ബലാത്സംഗ കേസുകൾ കൂടിവരുന്നത് സർക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണെന്ന് കോൺഗ്രസ് ആരോപിച്ചു. യഥാർത്ഥ ഗുജറാത്ത് മോഡൽ ഇപ്പോഴാണ് വ്യക്തമായതെന്ന് പട്ടേൽ സമരനേതാവ് ഹാർദ്ദിക് പട്ടേൽ പറഞ്ഞു.
