ഗാന്ധിനഗര്‍: ഗുജറാത്തിലെ ഗിര്‍ വനത്തിലെ സിംഹങ്ങള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുത്തു. സിഡിവി വൈറസ് ബാധയെ തുടര്‍ന്നാണ്  സിംഹങ്ങള്‍ ചത്തതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കുത്തിവയ്പ്പ് എടുത്തതെന്ന് വനം വകുപ്പ് അറിയിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അമേരിക്കയില്‍നിന്നും അടിയന്തിരമായി 300 പ്രതിരോധ വാക്‌സിനുകളാണ് സര്‍ക്കാര്‍ ഇറക്കുമതി ചെയ്തത്.  

ഗിര്‍ വനത്തിന്റെ കിഴക്കന്‍ മേഖലയിലാണ് ആശങ്ക സൃഷ്ടിച്ചു കൊണ്ട് സിംഹങ്ങള്‍ ചത്തു വീഴുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ചത്ത സിംഹങ്ങളുടെ എണ്ണം 23 ആയി. അവശ നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് പല സിംഹങ്ങളും ചത്ത് വീണത്. മരിച്ചവയില്‍ എട്ട് പെണ്‍ സിംഹങ്ങളും ആറ് സിംഹക്കുട്ടികളും ഉള്‍പ്പെടുന്നു. ഇതോടെ ഗിര്‍ വനമേഖലക്ക് രണ്ടാഴ്ചയ്ക്കിടെ നഷ്ടമായത് ആകെ സിംഹങ്ങളുടെ 3 ശതമാനമാണ്.  

സിഡിവി, പിപിആര്‍വി എന്നീ വൈറസുകളാണ് പ്രധാനമായും സിംഹങ്ങളെ ബാധിക്കുന്നത്. ഇതില്‍ സിഡിവി വൈറസിന്റെ സാന്നിധ്യം ചത്ത സിംഹങ്ങളില്‍ ചിലതിന്റെ ശരീരത്തില്‍ നിന്നെടുത്ത സാംപിളുകളില്‍ കണ്ടെത്തിയിരുന്നു. ഇതോടെ സിഡിവി വൈറസാണ് മരണ കാരണമെന്ന് ഉറപ്പിക്കുകയായിരുന്നുവെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. വൈറസ് ബാധയെ തുടര്‍ന്ന് മേഖലയിലെ 36ഓളം സിംഹങ്ങളെ മുന്‍കരുതലെന്നോളം ജശാധര്‍, ഝാംവാല എന്നീ മേഖലകളിലേക്ക് മാറ്റി. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണെന്നും വനം വകുപ്പ് വ്യക്തമാക്കി. 

1990 കളില്‍ ആഫ്രിക്കയിലെ സിംഹങ്ങളുടെ എണ്ണത്തിന്റെ മൂന്നില്‍ ഒന്ന് ശതമാനത്തെ കൊന്നൊടുക്കിയത് സിഡിവി വൈറസാണ്. കാട്ടുനായ്ക്കള്‍, കുറുനരികള്‍, ചെന്നായ്ക്കള്‍ എന്നിവയിലാണ് പ്രധാനമായും സിഡിവി കാണപ്പെടുന്നത്. ഇവയില്‍ വൈറസ് ബാധയേറ്റ ഏതെങ്കിലും മൃഗത്തിന്റെ മാംസം ഭക്ഷിക്കുന്നതിലൂടെയാണ് സിംഹത്തിന്റെ ശരീരത്തിലേക്ക് വൈറസ് പ്രവേശിക്കുന്നത്. മൃഗങ്ങളില്‍ വേഗത്തില്‍ പടര്‍ന്ന് പിടിക്കുന്ന സിഡിവി വൈറസ് രോഗപ്രതിരോധവ്യവസ്ഥയെയും മറ്റ് അവയവങ്ങളെയും സാരമായി ബാധിക്കുന്നു.