റബ്ബർ കൃഷിയുടെ കുത്തക കൈക്കലാക്കാൻ ​​ഗുജറാത്ത്

First Published 13, Mar 2018, 4:59 PM IST
gujarath enters rubber cultivation
Highlights
  • കേരളം തമിഴ്നാട്, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ തുടങ്ങിയ മേഖലകളുടെ റബ്ബർ ഉൽപ്പാദനത്തിലെ കുത്തക തകർക്കുകയാണ് ​ഗുജറാത്തിന്‍റെ ലക്ഷ്യം
  • റബ്ബര്‍ വന്‍തോതില്‍ ആവശ്യമുളള വ്യവസായങ്ങള്‍ക്ക് ഈയിടെയായി ഗുജറാത്ത് വലിയ സഹായങ്ങളാണ് നല്‍കുന്നത്
  • ശരാശരി 800 നും 1,000 മില്ലിമീറ്ററിനും ഇടയില്‍ മാത്രം മഴ ലഭിക്കുന്ന ഗുജറാത്തില്‍ റബ്ബര്‍ വളരുന്ന കാര്യം സംശയമാണെന്നാണ് ശാസ്ത്രപക്ഷം
അഹമ്മദാബാദ്: കാർഷിക മേഖലയിൽ നിന്നുളള വരുമാനം വർദ്ധിപ്പിക്കാനും റബ്ബർ കൃഷി വ്യാപിപ്പിക്കാനും ​ഗുജറാത്ത് സർക്കാർ പദ്ധതിയിടുന്നു. കേരളം തമിഴ്നാട്, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ തുടങ്ങിയ മേഖലകളുടെ റബ്ബർ ഉൽപ്പാദനത്തിലെ കുത്തക തകർക്കുകയാണ് ​ഗുജറാത്തിന്‍റെ ലക്ഷ്യം. ആകെ ഭൂവിസ്തൃതിയുടെ 56 ശതമാനത്തോളം വരുന്ന മരുപ്രദേശ സമാനമായ ഭൂമിയിൽ റബ്ബർ കൃഷി പ്രോത്സാഹിപ്പിക്കുകയാണ് ​ സർക്കാരിന്‍റെ പദ്ധതി. ​ഗുജറാത്തിലെ വ്യവസായിക മേഖലയിൽ പ്രകൃതിദത്ത റബ്ബറിന്‍റെ ആവശ്യകത വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. സനാൻന്തിലെ ടയർ വ്യവസായ സ്ഥാപനത്തിന്‍റെ ഉദ്ഘാടന വേളയിലാണ് ​ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണി പദ്ധതിയെപ്പറ്റിയുളള പ്രഖ്യാപനം നടത്തിയത്.
 
​​ഗുജറാത്തിന്‍റെ വ്യവസായിക ആവശ്യങ്ങൾക്കുളള റബ്ബർ ​ഗുജറാത്തിന്‍റെ മണ്ണിൽ തന്നെ ഉൽപ്പാദിപ്പിക്കുന്നതിലൂടെ വ്യവസായിക - കാർഷിക മേഖലകളിൽ ഇരട്ട നേട്ടം നേടിയെടുക്കുകയാണ് ​വിജയ് രുപാണി സർക്കാരിന്‍റെ ലക്ഷ്യം. ഗുജറാത്ത് സര്‍ക്കാര്‍ സംസ്ഥാന വനം വകുപ്പിനോട് റബ്ബര്‍ പ്ലാന്‍റേഷനുകള്‍ സ്ഥാപിക്കുന്നതിന് ആവശ്യമായ ഗവേഷണ വികസന പരിപാടികളുമായി മുന്നോട്ടുപോകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈയിടെയായി ടയര്‍ ഉള്‍പ്പെടെ റബ്ബര്‍ വന്‍തോതില്‍ ആവശ്യമുളള വ്യവസായങ്ങള്‍ക്ക് ഗുജറാത്ത് വലിയ സഹായങ്ങളാണ് നല്‍കുന്നത്. 
 
റബ്ബറിന് വിലകുറഞ്ഞിരിക്കുന്ന സാഹചര്യം കേരളത്തിലെ കര്‍ഷകരെ വലിയതോതില്‍ വലയ്ക്കുമ്പോഴാണ് ഗുജറാത്തിന്‍റെ പുതിയ നയം പുറത്തുവരുന്നത്. റബ്ബര്‍ ഉല്‍പ്പാദനവും സംസ്കരണവും അതാത് സംസ്ഥാനത്ത് തന്നെ പൂര്‍ണ്ണമായി നടത്തുകയെന്ന വ്യവസായിക തന്ത്രത്തിലൂടെ കേരളത്തിലെ റബ്ബര്‍ കര്‍ഷകര്‍ക്കുണ്ടായ അനുഭവം ഗുജറാത്തില്‍ ഉണ്ടവാനിടയില്ല. റബ്ബറിന്‍റെ അന്തര്‍സംസ്ഥാന കൈമാറ്റം, സംസ്കരിക്കുന്നതിന് മുന്‍പുളള സംഭരണം തുടങ്ങി കേരള കര്‍ഷകരുടെ ലാഭം കാര്‍ന്നുതിന്നുന്ന പ്രശ്നങ്ങള്‍ ഗുജറാത്തിനെ സംബന്ധിച്ച് വളരെ കുറവാകാനാണ് സാധ്യത.   
 
വാര്‍ഷിക മഴ ലഭ്യത 2,000 ത്തിനും 4,500 മില്ലിമീറ്ററിനും ഇടയില്‍ ലഭിക്കുന്നിടങ്ങളില്‍ വളരുന്ന റബ്ബ‍ര്‍ എങ്ങനെ ശരാശരി 800 നും 1,000 മില്ലിമീറ്ററിനും ഇടയില്‍ മാത്രം മഴ ലഭിക്കുന്ന ഗുജറാത്തില്‍ വളര്‍ത്താനാവും എന്നത് സംശയമാണെന്നാണ് ശാസ്ത്രപക്ഷം. ഒരുകാലത്ത് കേരളത്തിന്‍റെയും തമിഴ്നാടിന്‍റെയും കുത്തകയായിരുന്ന റബ്ബര്‍ ഉല്‍പ്പാദനം ഇന്ന് കര്‍ണ്ണാടക, ഗോവ, കൊങ്കണ്‍, ആന്ധ്ര, ഒഡീഷ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവടങ്ങളിലേക്ക് വലിയ തോതില്‍ വ്യാപിച്ചിട്ടുണ്ട്.     
loader