കോഴിക്കോട്: ഗുല്‍ബര്‍ഗ് റാഗിങ് കേസില്‍ കൂടുതല്‍ മലയാളി പെണ്‍കുട്ടികളുടെ പങ്കു പൊലീസ് അന്വേഷിക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയതു രണ്ടു പേരെ മാത്രമാണെങ്കിലും പെണ്‍കുട്ടിയെ ഉപദ്രവിച്ച മൂന്നു മലയാളി വിദ്യാര്‍ഥിനികള്‍ കൂടി അന്വേഷണ പരിധിയിലുണ്ടാകും. കേസിന്റെ വിശദാംശങ്ങള്‍ നല്‍കാന്‍ ഗുല്‍ബര്‍ഗിലേക്ക് പോയ കേരള പൊലീസ് സംഘം തിരിച്ചെത്തിയതിനു ശേഷമേ തുടര്‍നടപടികളുണ്ടാകൂ.

വിദ്യാര്‍ഥിനിയെ ടോയ്‌ലറ്റ് ലായനി കുടിപ്പിച്ച ഇടുക്കി സ്വദേശി ആതിര കൊല്ലം സ്വദേശി ലക്ഷ്മി എന്നിവര്‍ക്കെതിരെ വധശ്രമത്തിനും എസ്‌സി-എസ്‌ടി വിഭാഗക്കാര്‍ക്കെതിരായ അക്രമങ്ങള്‍ക്കുമാണു കേസെടുത്തിരിക്കുന്നത്. എന്നാല്‍ ഇവര്‍ക്കു പുറമേ മൂന്നു മലയാളി വിദ്യാര്‍ഥിനികള്‍ക്കെതിരെ കൂടി റാംഗിങിനിരയായ പെണ്‍കുട്ടി നല്‍കിയ മൊഴിയില്‍ പരാമര്ശമുണ്ട്. ഇവര്‍ മൂന്നു പേരും ശാരീരികമായി ഉപദ്രവിച്ചുവെന്നാണു മൊഴിയിലെ പരാമര്‍ശം.

ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടില്ലെങ്കിലും ഇക്കാര്യങ്ങളും അന്വേഷണപരിധിയില്‍വരും. റാംഗിനെതിരായ വകുപ്പുകള്‍ കേരളത്തിനു പുറമെ നിലനില്‍ക്കില്ലെന്നതാണ് ഇവര്‍ക്കെതിരെ കുറ്റം ചുമത്താതിരിക്കാനുള്ള കാരണമായി പൊലീസ് പറയുന്നത്. അതേസമയം കോഴിക്കോട് മെഡിക്കല്‍കോളേജ് പൊലീസ് സംഘം എഫ്‌ഐആര്‍ ഇന്ന് ഗുല്‍ബര്‍ഗ പൊലീസിന് കൈമാറും. കേരളപൊലീസ് സംഘം നാളെ തിരിച്ചെത്തിയതിനു ശേഷം കേസ് അന്വേഷിക്കുന്ന കര്‍ണ്ണാടക പൊലീസും കേരളത്തിലെത്തും. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തും. തുടര്‍ന്നാകും എഫ്ഐആറില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടികളെ കസ്റ്റഡിയിലെടുക്കുന്നതടക്കമുള്ള നടപടിക്രമങ്ങള്‍.