ദോഹ: മയക്കുമരുന്ന് കടത്തും ഉപഭോഗവും തടയാന്‍ ഗൾഫു രാജ്യങ്ങൾ ഏകീകൃത സംവിധാനത്തിന് രൂപം നൽകുന്നു. കഴിഞ്ഞ ദിവസം ദോഹയിൽ ചേർന്ന ജിസിസി രാജ്യങ്ങളുടെ അടിയന്തിര യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. മയക്കുമരുന്ന് വിഭാഗത്തിൽ പെടുന്ന ഗുളികകളും മറ്റുൽപ്പന്നങ്ങളും പിടിച്ചെടുക്കാനും പ്രതികളെ രാജ്യാന്തര തലത്തിൽ വിചാരണ ചെയ്യാനും അനുമതി നൽകുന്നതാണ് പുതിയ പദ്ധതി

മയക്കു മരുന്ന് കടത്തും ഉപയോഗവും രാജ്യാന്തര തലത്തിൽ തന്നെ തടയുന്നതിനും പ്രതികളെ ശിക്ഷിക്കുന്നതിനുമുള്ള കുറേകൂടി സമഗ്രമായ പദ്ധതികൾ ആവിഷ്‌ക്കരിക്കാനാണ് ജിസിസി രാജ്യങ്ങളിൽ നിന്നുള്ള മയക്കു മരുന്ന് പ്രതിരോധ വിഭാഗം ദോഹയിൽ യോഗം ചേർന്നത്. ഗൾഫ് സഹകരണ കൗൺസിൽ അംഗരാജ്യങ്ങൾക്ക് പൊതുവായ ഒരു അന്വേഷണ സംഘത്തിനു രൂപം നൽകുകയാണ് യോഗത്തിലെ പ്രധാന തീരുമാനം.

മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ടു ലഭിക്കുന്ന സന്ദേശങ്ങൾ ഗൾഫ് രാജ്യങ്ങൾക്കിടയിൽ പരസ്പരം കൈമാറുക, ആവശ്യമായ പരിശീലനം നൽകുക തുടങ്ങിയവയെല്ലാം ഈ പ്രത്യേക കൗൺസിലിന് കീഴിൽ വരും. കുറ്റവാളികളെ രാജ്യാന്തര തലത്തിൽ വിചാരണ നടത്തി ശിക്ഷിക്കുന്നതിനും ഈ പ്രത്യേക സമിതിക്ക് അധികാരമുണ്ടായിരിക്കും.

ഗൾഫ് രാജ്യങ്ങളിലേക്കുള്ള മയക്കുമരുന്ന് കള്ളക്കടത്തു വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത്തരം സംഘങ്ങളെ ഫലപ്രദമായി നേരിടാനും ഉന്മൂലനം ചെയ്യാനുമുള്ള ശ്രമങ്ങൾ ജിസിസി രാജ്യങ്ങൾ ഊർജ്ജിതമാക്കിയത്. കഴിഞ്ഞ മാസം പലപ്പോഴായി ദോഹ രാജ്യാന്തര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച വലിയ അളവിലുള്ള മയക്കുമരുന്ന് അധികൃതർ പിടികൂടിയിരുന്നു.

മയക്കുമരുന്ന് കടത്തും ഉപയോഗവും വർധിച്ചു വരുന്നത് ഗൾഫ് മേഖലയുടെ ആഭ്യന്തര സുരക്ഷയെ തന്നെ ബാധിക്കുന്ന വലിയ ഭീഷണിയായി മാറുന്നതായി യോഗം വിലയിരുത്തി.