ഒമാന്‍ ഉള്‍പ്പടെയുള്ള എല്ലാ ജി സി സി രാജ്യങ്ങളിലും ചെറിയ പെരുന്നാള്‍ ആഘോഷത്തിലാണ്. കേരളത്തിലും എല്ലാ ജി.സി.സി രാജ്യങ്ങളിലും ഒരു ദിവസം പെരുന്നാള്‍ എത്തി എന്ന പ്രത്യേകതയുണ്ട്. ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ അപൂര്‍വത. യു.എ.ഇ, സൗദി അറേബ്യ, ഖത്തര്‍, ബഹ്‌റിന്‍, കുവൈറ്റ് എന്നീ രാജ്യങ്ങളിലെല്ലാം ഇന്നാണ് ചെറിയ പെരുന്നാള്‍. രാവിലെ വിവിധ പള്ളികളിലും ഈദ് മുസല്ലകളിലും പെരുന്നാള്‍
നമസ്‌ക്കാരങ്ങള്‍ നടന്നു. ഗള്‍ഫ് നാടുകളിലാണെങ്കിലും മലയാളത്തിലുള്ള പെരുന്നാള്‍ ഖുതുബകളും പലയിടത്തും ഉണ്ടായിരുന്നു. യു.എ.ഇയിലെ ദുബായ്, ഷാര്‍ജ, റാസല്‍ഖൈമ എന്നിവിടങ്ങളില്ലാം മലയാളം ഖുത്തുബകള്‍ നടന്നു. ഒരു മാസക്കാലത്തെ വ്രതശുദ്ധി ജീവിതത്തില്‍ ഉടനീളം കാത്ത് സൂക്ഷിക്കാന്‍ ഇമാമുമാര്‍ ഖുത്തുബകളില്‍ ആഹ്വാനം ചെയ്തു.

കനത്ത ചൂടിലാണ് ഗള്‍ഫിലെ പെരുന്നാള്‍ ആഘോഷം. പലയിടത്തും ചൂട് 50 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തിയിട്ടുണ്ട്. നാടും വീടും അകലെയാണെങ്കിലും പൊലിമ ഒട്ടും കുറയാതെയാണ് പ്രവാസികളുടെ പെരുന്നാള്‍ ആഘോഷങ്ങള്‍. ഒത്തുചേരലുകള്‍ ഉണ്ടാകും. ചുരുങ്ങിയത് നാല് ദിവസം അവധിയുള്ളത് കൊണ്ട് തന്നെ യാത്രകള്‍ പദ്ധതി ഇട്ടവരുമുണ്ട്.