കുവൈറ്റ് സിറ്റി: അനുരഞ്ജന ശ്രമങ്ങള്‍ക്ക് മങ്ങലേറ്റതോടെ ഗള്‍ഫ് പ്രതിസന്ധി കൂടുതല്‍ സങ്കീര്‍ണമായേക്കുമെന്ന ആശങ്ക ഗള്‍ഫ് നാടുകളില്‍ വ്യാപകമാവുകയാണ്. ഗള്‍ഫില്‍ ജോലി ചെയ്‌യുന്ന മലയാളികള്‍ ഉള്‍പെടെയുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ഭാവിയും ഇതോടെ അനിശ്ചിതത്വത്തിലാവും. ഗള്‍ഫ് പ്രതിസന്ധി പരിഹാരമില്ലാതെ തുടരുന്നത് മേഖലയില്‍ സംഘര്‍ഷ സാധ്യത വര്‍ധിപ്പിക്കുമെന്ന് കുവൈറ്റ് അമീര്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. നാല് അയല്‍രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചതു മുതല്‍ അനുരഞ്ജന ശ്രമങ്ങളുമായി രംഗത്തുള്ള കുവൈറ്റ് അമീര്‍ പ്രശ്നം രമ്യമായി പരിഹരിക്കുന്നതിനുള്ള സാധ്യതകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

പ്രശ്നം ജിസിസി രാജ്യങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്തു പരിഹരിക്കണമെന്ന നിലപാടാണ് അമേരിക്കയ്‌ക്ക് ഉള്ളതെങ്കിലും വിദേശകാര്യ സെക്രട്ടറി റെക്‌സ് റ്റില്ലേഴ്‌സന്‍ ഇടക്കിടെ നടത്തുന്ന ഗള്‍ഫ് സന്ദര്‍ശനങ്ങള്‍ സംശയത്തോടെയാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഗള്‍ഫ് രാജ്യങ്ങളുടെ ഏകീകൃത ഘടന ഇല്ലാതാക്കി പരമാവധി രാഷ്‌ട്രീയ - സാമ്പത്തിക നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യമാണ് അമേരിക്കയുടെ ഷട്ടില്‍ നയതന്ത്രത്തിന് പിന്നിലെന്നും ചിലര്‍ നിരീക്ഷിക്കുന്നു. ഇതിനിടെ ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ പരസ്‌പര വ്യാപാരത്തെ അടിസ്ഥാനമാക്കി ഈ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പല വന്‍കിട കമ്പനികളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.

ജീവനക്കാരുടെ എണ്ണം കുറച്ചും നീണ്ട അവധി നല്‍കി നാട്ടിലേക്കയച്ചുമാണ് ഇത്തരം കമ്പനികളില്‍ പലതും പ്രതിസന്ധിയെ അതിജീവിക്കുന്നത്. ഇത് ഇനിയും തുടര്‍ന്നാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്‌യുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശ തൊഴിലാളികള്‍ക്ക് വലിയ തോതില്‍ ജോലി നഷ്‌ടപ്പെടുമെന്ന് ഉറപ്പാണ്. കുവൈറ്റ് അമീര്‍ മുന്നറിയിപ്പ് നല്‍കിയത് പോലെ സംഘര്‍ഷം രൂക്ഷമാവുകയും കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങുകയും ചെയ്‌താല്‍ മേഖലയില്‍ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ വളരെ വലുതായിരിക്കും.