ദോഹ: ഈദുൽ ഫിത്ർ ആഘോഷിക്കാൻ ഖത്തറിലെ പ്രവാസികൾ നാട്ടിലേക്കയച്ച പണത്തിൽ ഇത്തവണ വർധനവുണ്ടായതായി റിപ്പോർട്ട്. കാലയളവിൽ നാട്ടിലേക്കയച്ച പണത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് നാൽപതു ശതമാനം വർധനവാണുണ്ടായത്.
കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുമ്പോഴും നാട്ടിലുള്ളവരുടെ നോമ്പും പെരുന്നാളും അല്ലലില്ലാതെ കഴിക്കാൻ ഖത്തറിലെ പ്രവാസി മലയാളികൾ കൂടുതൽ ശ്രദ്ധ പുലർത്തിയതായാണ് കണക്കുകൾ. ഇതിന്‍റെ ഭാഗമായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്തെ മുഴുവൻ മണി എക്സ്ചേഞ്ചുകൾക്കു മുന്നിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്.
നാട്ടിലേക്ക് പണമയക്കുന്നതിൽ 35 ശതമാനം മുതൽ 40 ശതമാനം വരെ വർദ്ധനവുണ്ടായതായി ഈ മേഖലയിൽ
പ്രവർത്തിക്കുന്നവർ വ്യക്തമാക്കി. ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ പണം നാട്ടിലേക്കയക്കുന്ന റമദാനിൽ ഇത്തവണ പണത്തിന്‍റെ ഒഴുക്ക് കുറയുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ തൊഴിൽ മേഖലയിൽ സമീപകാലത്തനുഭവപ്പെട്ട അനിശ്ചിതത്വമോ ഇതേത്തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയോ പ്രവാസി കുടുംബങ്ങളുടെ പെരുന്നാൾ ആഘോഷങ്ങൾക്ക് മങ്ങലേൽപിച്ചിട്ടില്ല.
റമദാനിലെ അവസാനത്തെ പത്തിലാണ് ഏറ്റവും കൂടുതൽ പണം നാട്ടിലേക്കെത്തിയത്. സക്കാത്ത് വിഹിതവും പെരുന്നാൾ ചിലവുകളും കണക്കിലെടുത്ത് ഈ ദിവസങ്ങളിൽ പരമാവധി തുക നാട്ടിലേക്കെത്തിയത്. വിദേശ കറൻസികൾക്കും പതിവിനു വിപരീതമായി ഇത്തവണ കൂടുതൽ ആവശ്യക്കാരുണ്ടായിരുന്നു.
സ്‌കൂൾ അവധിയും പെരുന്നാൾ അവധിയും ഒരുമിച്ചമെത്തിയതോടെ കുടുംബ സമേതം നാട്ടിലേക്കു പോകാനൊരുങ്ങിയവരാണ് വിദേശ കറൻസിയുടെ ഡിമാന്‍റ് വർധിപ്പിച്ചത്.
