ജിദ്ദ: ഖത്തറിനെതിരെയുള്ള ഉപരോധം ഒരാഴ്ച പിന്നിടുമ്പോഴും അയല്‍രാജ്യത്തിനെതിരെ കൈക്കൊണ്ട കടുത്ത നടപടികള്‍ക്ക് ശരിയായ വിശദീകരണം നല്‍കാന്‍ കഴിയാതെ വിഷമിക്കുകയാണ് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികള്‍. ഏകീകൃത കറന്‍സിയും മൂല്യവര്‍ധിത നികുതിയും ഗള്‍ഫ് രാജ്യങ്ങളെ പരസ്‌പരം ബന്ധിപ്പിച്ചു കൊണ്ടുള്ള റെയില്‍വേ ശൃംഖലയും നടപ്പിലാക്കുന്നതിനിടെയാണ് ജിസിസി അംഗരാജ്യങ്ങള്‍ക്കിടയില്‍ പൊടുന്നനെ അഭിപ്രായ വ്യത്യാസങ്ങള്‍ ശക്തിപ്രാപിച്ചത്. അതുകൊണ്ടു തന്നെ ഗള്‍ഫ് രാജ്യങ്ങളെ ഭിന്നിപ്പിക്കാനുള്ള ബോധപൂര്‍വമായ ചില ശ്രമങ്ങള്‍ ഇപ്പോഴത്തെ പ്രതിസന്ധിക്ക് പിന്നിലുണ്ടെന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗവും.
ഹമാസും മുസ്‌ലിം ബ്രദര്‍ഹുഡും ഉള്‍പെടെയുള്ള സംഘടനകളെ സഹായിക്കുന്നു എന്നാരോപിച്ചാണ് ഇപ്പോഴത്തെ ഉപരോധമെങ്കിലും ഐ.എസ് പോലുള്ള ഭീകരസംഘടനകളെ പരാമര്‍ശിക്കാത്തത് എന്തുകൊണ്ടാണെന്ന സംശയവും ചിലര്‍ ഉന്നയിക്കുന്നുണ്ട്. ജിസിസി രാജ്യങ്ങളുടെ മുന്‍ഗണനാ പട്ടികയില്‍ നിന്ന് പാലസ്തീന്‍ പ്രശ്നം ഒഴിവാക്കപ്പെട്ടതും പകരം മേഖലയിലെ പ്രധാന രാഷ്‌ട്രീയ പ്രതിസന്ധിയായി യമനിലെ ആഭ്യന്തര സംഘര്‍ഷം ഇടംപിടിച്ചതും ഇറാനെ ലക്ഷ്യമിട്ടാണെന്നാണ് ഒരു വിഭാഗം വിലയിരുത്തുന്നത്. റിയാദില്‍ ചേര്‍ന്ന അമേരിക്ക- അറബ് ഉച്ചകോടിയില്‍ ഇറാനെതിരെയുള്ള കടുത്ത നിലപാടിനോട് ഖത്തര്‍ വിയോജിപ്പ് പ്രകടിപ്പിച്ചതും പാലസ്തീന്‍ ജനതയോടുള്ള പിന്തുണ ആവര്‍ത്തിച്ചതുമാണ് അമേരിക്കയെയും സൗദിയേയും ചൊടിപ്പിച്ചതെന്നും ചിലര്‍ നിരീക്ഷിക്കുന്നു.
എന്നാല്‍ തന്റെ സൗദി സന്ദര്‍ശനം ഫലം കണ്ടു തുടങ്ങിയെന്ന ട്രംപിന്റെ ട്വീറ്റ് സന്ദേശം ഇപ്പോഴത്തെ പ്രതിസന്ധിക്കു പിന്നില്‍ അമേരിക്കയാണെന്ന സൂചന തന്നെയാണ് നല്‍കുന്നത്. ഖത്തറുമായി ശീതസമരത്തിലുള്ള സൗദിയെ അമേരിക്ക ഇതിനു കരുവാക്കുകയായിരുന്നുവെന്നാണ് വിലയിരുത്തല്‍. താലിബാനുമായുള്ള അനുരഞ്ജന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാന്‍ ദോഹയില്‍ കാര്യാലയം അനുവദിച്ചത് ഉള്‍പെടെ അമേരിക്കയുടെ സമ്മതപ്രകാരം വിമത വിഭാഗങ്ങളുമായി ഖത്തര്‍ നടത്തിയ ഇടപെടലുകളെയാണ് ഇപ്പോള്‍ തീവ്രവാദ ബന്ധമായി ആരോപിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
എന്തായാലും ഖത്തര്‍ തീവ്രവാദത്തെ സഹായിക്കുന്നുവെന്ന ആരോപണം കൃത്യമായ തെളിവുകള്‍ നിരത്തി തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇപ്പോഴത്തെ പ്രതിസന്ധി അന്താരാഷ്‌ട്ര സമൂഹത്തിനിടയില്‍ ഖത്തറിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
