ആലുവ: രാജഗിരി ആശുപത്രിയിലേക്ക് ചികിത്സതേടിയെത്തുന്ന ഗള്‍ഫ് സ്വദേശികളുടെ എണ്ണം വര്‍ധിക്കുന്നു. ആയിരത്തോളം പേരാണ് പ്രതിമാസം വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നെത്തുന്നത്. ഈ സാഹചര്യത്തില്‍ മെഡിക്കല്‍ ടൂറിസത്തിനുള്ള സാധ്യതകള്‍ മുന്നില്‍കണ്ട് ആശുപത്രി അധികൃതര്‍ യുഎഇ ആരോഗ്യമന്ത്രാലയവുമായി കൂടിക്കാഴ്ച നടത്തി.

രാജഗിരിയിലേക്കു ചികിത്സ തേടിയെത്തുന്ന ഗള്‍ഫ് സ്വദേശികളുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുമ്പോഴാണ് ആശുപത്രി അധികൃതര്‍ യുഎഇ ആരോഗ്യമന്ത്രാലയവുമായി കൂടിക്കാഴ്ച നടത്തിയത്. ഗവണ്‍മെന്റുമായി സഹകരിച്ച് ചികിത്സയ്ക്കായി വിദേശത്തേക്ക് പോകുന്നവരെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച. പ്രതിമാസം ആയിരത്തോളം പേരാണ് ഒമാന്‍, സൗദി അറേബ്യ, യുഎഇ എന്നീ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് രാജഗിരിയിലേക്ക് ചികിത്സതേടിയെത്തുന്നത്. കൂടുതല്‍ പേര്‍ എത്തുന്നതോടെ മെഡിക്കല്‍ ടൂറിസത്തിനുകൂടി കരുത്തേകുമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നു.

രാജ്യാന്തര ഇന്‍ഷുറന്‍സ് കമ്പനികളുമായി സഹകരിച്ചു പോകുന്നതിനാല്‍ ചികിത്സതേടിയെത്തുന്നവര്‍ക്ക് ഇന്‍ഷൂറന്‍സ് കവറേജിന് ബുദ്ധിമുട്ടില്ല എന്നതാണ് പ്രവാസികളേയും വിദേശികളേയും രാജഗിരിയിലേക്ക് ആകര്‍ഷിക്കുന്നതെന്ന് ആശുപത്രി എക്‌സിക്യുട്ടൂവ് ഡയറക്ടര്‍ ഫാദര്‍ ജോണ്‍സണ്‍ വാഴപ്പിള്ളി പറഞ്ഞു. പ്രായമായവരെ പുനരധിവസിപ്പിക്കാനുള്ള രാജഗിരി റിട്രീറ്റ് എന്ന സംരംഭത്തിന് തുടക്കം കുറിക്കാനൊരുങ്ങുകയാണ് മാനേജ്‌മെന്റ്.

2014ല്‍ സിഎംഐ സഭയുടെ നേതൃത്വത്തിലാണ് രാജഗിരി ആശുപത്രി ആലുവയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. അന്താരാഷ്ട്ര തലത്തില്‍ ആശുപത്രികളുടെ പ്രവര്‍ത്തന മികവിന് നല്‍കി വരുന്ന പരമോന്നത ബഹുമതിയായ ജോയിന്റ് കമ്മീഷന്‍ ഇന്റര്‍ നാഷണല്‍ അംഗീകാരവും ചുരുങ്ങിയ വര്‍ഷത്തിനിടെ രാജഗിരിയെ തേടിയെത്തി.