അനധികൃത തോക്ക് നിർമ്മാണം; ഇരുമ്പ് പണിക്കാരൻ അറസ്റ്റിൽ

First Published 8, Mar 2018, 1:07 AM IST
Gun Making blacksmith Arrested
Highlights
  • അനധികൃത തോക്ക് നിർമ്മാണം; ഇരുമ്പ് പണിക്കാരൻ അറസ്റ്റിൽ

ഇടുക്കി: നാടൻ തോക്ക് നിർമ്മിച്ചു നൽകിയിരുന്ന ഇരുന്പ് പണിക്കാരനെ ഇടുക്കിയിലെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു.  ഇയാളുടെ പക്കല്‍ നിന്നും മൂന്ന് തോക്കുകളും തോക്ക് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളും പോലീസ് പിടിച്ചെടുത്തു

അടിമാലി കമ്പിലൈന്‍ സ്വദേശി വിജയനെയാണ് തോക്ക് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്.  വീടിനോട് ചേര്‍ന്നുള്ള ആലയിലായിരുന്നു ഇയാള്‍ തോക്ക് നിര്‍മ്മിച്ചു വന്നിരുന്നത്. ഇയാളുടെ പക്കല്‍ നിന്നും ഒരു നാടന്‍ തോക്കും തോട്ട തോക്കും റിവോള്‍വറും തോക്ക് നിര്‍മ്മാണത്തിനുപയോഗിക്കുന്ന സാമഗ്രികളും മറ്റൊരു തോക്കിന്റെ ബാരലും പോലീസ് കണ്ടെടുത്തു. 

ആലക്കുള്ളില്‍ പെട്ടിക്കകത്തായിരുന്നു തോക്കുകള്‍ സൂക്ഷിച്ചിരുന്നത്. വിജയൻറെ വീട് കേന്ദ്രീകരിച്ച് തോക്കു നിര്‍മ്മാണം നടക്കുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ നീക്കമാണ് വിജയനെ കുടുക്കിയത്. സ്വന്തം ആവശ്യത്തിനു വേണ്ടിയാണോ അതോ മറ്റാര്‍ക്കെങ്കിലും വേണ്ടിയാണോ വിജയന്‍ തോക്കുകള്‍ നിര്‍മ്മിച്ചതെന്ന കാര്യത്തില്‍ പോലീസിന് വ്യക്ത ലഭിച്ചിട്ടില്ല. 

പിടിയിലാകുന്നതിന് മുന്പ് പ്രതി വേറെയും തോക്കുകള്‍ നിര്‍മ്മിച്ചിരുന്നോയെന്നും തോക്കു നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ആരെങ്കിലും വിജയനെ സമീപിച്ചിരുന്നോ എന്ന കാര്യവും പോലീസ് അന്വേഷിച്ച് വരികയാണ്. എവിടുന്നാണ് പ്രതി തോക്ക് നിര്‍മ്മാണം പരിശീലിച്ചതെന്ന കാര്യവും അടിമാലി പോലീസ് അന്വേഷിക്കുന്നുണ്ട്. പോലീസ് കണ്ടെടുത്ത തോക്കുകളില്‍ തോട്ട തോക്കുമാത്രാമാണ് ഉപയോഗക്ഷമായിട്ടുള്ളത്. മറ്റ് രണ്ട് തോക്കുകളും കാലപ്പഴക്കമുള്ളവയാണ്.

loader