കിടപ്പു മുറിയുടെ ജനല്‍ച്ചില്ല് തകര്‍‍ത്ത വെടിയുണ്ട ചുമരില്‍ തറച്ചു

കോഴിക്കോട്: കിനാലൂരില്‍ വീടിന് നേരെ വെടിവച്ചു. വെടിയുണ്ട തറച്ച് വീടിന്‍റെ ജനല്‍ച്ചില്ല് തകര്‍ന്നു. ഇന്നലെ രാത്രിയാണ് സംഭവം. വെടിവെപ്പിനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

കിനാലൂര്‍ പാറത്തലക്കല്‍ ബാബുരാജിന്‍റെ വീടിന് നേരെയാണ് വെടിവപ്പുണ്ടായത്. കിടപ്പു മുറിയുടെ ജനല്‍ച്ചില്ല് തകര്‍‍ത്ത വെടിയുണ്ട ചുമരില്‍ തറച്ചു. ആര്‍ക്കും പരിക്കില്ല. ആരാണ് വെടിവെച്ചതെന്ന് കണ്ടെത്താനായിട്ടില്ല. ആരുമായും പ്രശ്നങ്ങള്‍ ഇല്ലെന്നും വെടിവെപ്പിനുള്ള കാരണം അറിയില്ലെന്നും ബാബുരാജ് പറഞ്ഞു. വെടിയുണ്ടയുടെ അവശിഷ്ടങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. 

സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നി​ഗമനം. സമീപത്തെ വനത്തിൽ പന്നിയെ വേട്ടയാടാന്‍ എത്തിയവര്‍ അബദ്ധത്തിൽ വെടിവച്ചതാണെന്നാണ് നിഗനമം. ഈ പ്രദേശത്ത് പന്നിയെ വേട്ടയാടാന്‍ ആളുകള്‍ എത്താറുണ്ടെന്ന് നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു.