ഗുണ്ടുമല എസ്റ്റേറ്റ് കൊലപാതകം; പ്രതി പിടിയിലായതായി സൂചന

First Published 4, Mar 2018, 10:06 PM IST
Gundalala Estate Murder The accused has been arrested
Highlights
  • കൊല്ലപ്പെട്ട രാജഗുരുവിന്റെ അടുത്ത ബന്ധുവാണ് സംഭവത്തിന് പിന്നിലാണെന്നുള്ളതാണ് ലഭിക്കുന്ന വിവരം.

ഇടുക്കി: ഗുണ്ടുമല എസ്റ്റേറ്റിലെ ബെന്‍മോര്‍ ഡിവിഷനിലുള്ള ശിശുപരിപാലന കേന്ദ്രത്തിലെ ആയയായ രാജഗുരു കൊല്ലപ്പെട്ട കേസില്‍ പ്രതി പിടിയിലായതായി സൂചന. തമിഴ്‌നാട്ടില്‍ വച്ചാണ് പ്രതിയെ പോലീസ് പിടികൂടിയത്. 

കൊല്ലപ്പെട്ട രാജഗുരുവിന്റെ അടുത്ത ബന്ധുവാണ് സംഭവത്തിന് പിന്നിലാണെന്നുള്ളതാണ് ലഭിക്കുന്ന വിവരം. സംഭവം നടന്ന് ഒരു വര്‍ഷത്തിന് ശേഷമാണ് പ്രതി പിടിയിലാവുന്നത്. 2017 ഫെബ്രുവരി 14 നാണ് ഗുണ്ടുമല എസ്റ്റേറ്റിലെ ശിശുപരിപാലന കേന്ദ്രത്തിലെ ആയയായ രാജഗുരു കുട്ടികളുടെ കണ്‍മുമ്പില്‍ വച്ച് ദാരുണമായി കൊല്ലപ്പെട്ടത്. 

പ്രതിയെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചെങ്കിലും സംഭവസമയത്ത് പ്രതിയ്ക്ക് പ്രായപൂര്‍ത്തി ആകാതിരുന്നത് കേസന്വേഷണത്തെ ബാധിച്ചു. പ്രായപൂര്‍ത്തിയായെങ്കിലും പ്രതി തമിഴ്‌നാട്ടിലേയ്ക്ക് കടന്നിരുന്നതിനാല്‍ പിടികൂടാനായില്ല. പ്രതിയെക്കുറിച്ചുള്ള കാര്യത്തില്‍ വ്യക്തത വരുത്താനായെങ്കിലും കൊലപാതകത്തിനുപയോഗിച്ച ആയുധവും കൊല്ലപ്പെട്ട സമയത്ത് രാജഗുരു അണിഞ്ഞിരുന്ന ആഭരണങ്ങളും കണ്ടെടുക്കാനാകാത്തതാണ് പോലീസിനെ കുഴക്കുന്നത്. 

അത്രയെളുപ്പം കടന്നു ചെല്ലുവാന്‍ സാധിക്കാത്ത ഗുണ്ടുമല എസ്റ്റേറ്റില്‍ നടന്ന കൊലപാതകം മൂന്നാറിലെ തോട്ടം മേഖലയെ നടുക്കിയിരുന്നു. ആദ്യഘട്ടത്തില്‍ അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയതെങ്കിലും വിശദമായ അന്വേഷണത്തില്‍ സംഭവത്തിന് പിന്നില്‍ അടുത്ത ബന്ധുവാണെന്ന നിഗമനത്തിലെത്തുകയായിരുന്നു പോലീസ്.
 

loader