വാഹനങ്ങളില്‍ ഒളിപ്പിച്ചുകടത്തുന്ന പതിവ് രീതി വിട്ട് ബസ് യാത്രക്കാരെ ഉപയോഗിച്ച് കഞ്ചാവ് കടത്തുന്നതാണ് കര്‍ണ്ണാടകയിലെ കഞ്ചാവ് മാഫിയയുടെ പുതിയ തന്ത്രം. യാത്രക്കാരെ ആയിരവും രണ്ടായിരവും രൂപ പ്രതിഫലം പറഞ്ഞ് പ്രലോഭിപ്പിച്ച് കഞ്ചാവ് കൊടുത്തയക്കുന്നതാണ് ഒരു രീതി. പാക്കറ്റിലുള്ളത് കഞ്ചാവാണെന്ന് പറയാതെ കണ്ണൂരിലേക്കും കാസര്‍ഗോട്ടേക്കുമൊക്കെയുള്ള ബസ് യാത്രക്കാരുടെ കയ്യില്‍ പാക്കറ്റ് കൊടുത്തയക്കുകയും അതിന് ഇവര്‍ക്ക് ചെറിയ പ്രതിഫലം നല്‍കുകയുമാണ് മറ്റൊരു തീതി. നേരത്തെ പറഞ്ഞുറപ്പിച്ച മാഫിയ സംഘം നാട്ടിലെത്തുന്ന യാത്രക്കാരില്‍ നിന്നും കഞ്ചാവ് പൊതി വാങ്ങും. സ്വന്തം വാഹനങ്ങളില്‍ കഞ്ചാവ് കൊണ്ടുവരുന്നത് ചെക്കുപോസ്റ്റുകളിലും മറ്റും പിടിക്കുന്നത് വര്‍ദ്ധിച്ചതോടെയാണ് താരതമ്യേന ചെലവ് കുറഞ്ഞതും സുരക്ഷിതവുമായ ഈ മാര്‍ഗത്തിലേക്ക് കഞ്ചാവ് മാഫിയ കടന്നത്.

ഇത്തരത്തില്‍ മംഗളൂരുവില്‍ നിന്നും കാസര്‍കോട്ടേക്ക് കെ.എസ്.ആര്‍.ടി.സി ബസില്‍ അഞ്ച് കിലോ കഞ്ചാവ് കൊണ്ടുവന്ന ചൗക്കി സ്വദേശി അഹമ്മദിനെ എക്‌സൈസ് സംഘം മഞ്ചേശ്വരത്ത് വച്ച് പിടികൂടി. അപരിചതരില്‍ നിന്നും സാധനങ്ങള്‍ വാങ്ങരുതെന്ന് യാത്രക്കാര്‍ക്ക് എക്‌സൈസ് സംഘം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.