ജയിലിൽ ഗുർമീതിന് കിട്ടുന്ന ശമ്പളം 20 രൂപ പകൽ മുഴുവനും കൃഷിപ്പണി
റോത്തക്ക്: ദേരാ സച്ഛാ സൗദ തലവൻ ഗുർമീത് റാം റഹീമിന്റെ ഇപ്പോഴത്തെ ജീവിതം എങ്ങനെയാണെന്ന് കേട്ടാൽ നിങ്ങളൊന്ന് ഞെട്ടും.ഗുർമീത് ഇപ്പോൾ വളരെ കഷ്ടപ്പെട്ടാണ് ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത്. നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടുകൂടിയുള്ള യാത്ര, ഇസഡ് കാറ്റഗറി സുരക്ഷ, ലക്ഷക്കണക്കിന് അനുയായികൾ ആഡംബരപൂർണമായിരുന്നു ഗുർമീതിന്റെ ആദ്യകാല ജീവിതം.
ആത്മീയ ഗുരു, ഗായകൻ, സംരംഭകൻ, 3 മക്കളുള്ള കുടുംബസ്ഥൻ ബലാംത്സഗക്കുറ്റത്തിന് ജയിലഴികൾക്കുള്ളിലാകുന്നതുവരെ ഇങ്ങനെയൊക്കെയായിരുന്നു ഈ റോക്ക് സ്റ്റാർ സ്വാമിയുടെ ജീവിതം. അനുയായിയായ സ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ കുറ്റക്കാരനാണെന്ന് വിധിച്ചിട്ടും അനുയായികൾ ഗുർമീതിനെ അവിശ്വസിച്ചില്ല. വിധിയെതിരായപ്പോൾ അനുയായികൾ അക്രമം അഴിച്ചുവിട്ടു. കലാപത്തിൽ 32 പേർ കൊല്ലപ്പെടുകയും ആയിരത്തിൽ അധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

20 വർഷത്തെ ജയിൽശിക്ഷയാണ് ഗുർമീതിന് കോടതി വിധിച്ചിരിക്കുന്നത്. റോത്തക്കിലെ ജയിലിൽ ഗുർമീതിന് നോക്കി നടത്താനായി കുറച്ച് കൃഷി സ്ഥലമുണ്ട്. പച്ചക്കറിയാണ് കൃഷി. 2017 ഓഗസ്റ്റിലാണ് ഗുർമീത് ജയിലിലാകുന്നത്. ഇതുവരെ 1.5 ക്വിന്റൽ ഉരുളക്കിഴങ്ങ് കൃഷി ചെയ്തുണ്ടാക്കി. ഒപ്പം കറ്റാർ വാഴയും, തക്കാളിയും , പടവലങ്ങയും കൃഷി ചെയ്യുന്നു.

ജയിൽ വളപ്പിൽ കൃഷി ചെയ്യുന്ന ഈ പച്ചക്കറികളാണ് തടവുകാർക്ക് ഭക്ഷണം ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. ഗുർമീതിന് ഇപ്പോൾ കിട്ടുന്ന ശമ്പളം എത്രയാണെന്നോ. ദിവസവും രണ്ട് മണിക്കൂർ കൃഷി ചെയ്യുന്നതിന് 20 രൂപയാണ് ഗുർമീതിന് കൂലിയായി ലഭിക്കുന്നത്. അതും കൈയ്യിൽ കിട്ടില്ല.അറസ്റ്റിലായപ്പോൾ ഗുർമീതിന്റെ ബാങ്ക് അക്കൗണ്ടുകൾ കോടതി മരവിപ്പിച്ചിരുന്നു.

പ്രത്യേക സെല്ലിലാണ് ഗുർമീതിനെ പാർപ്പിച്ചിരിക്കുന്നത്. യാതൊരു വിഐപി പരിഗണനയും ഗുർമീതിന് നൽകുന്നില്ലെന്നാണ് ജയിൽ അധികൃതർ പറയുന്നത്. ജയിലിൽ സഹതടവുകാർക്കായി ആത്മീയ പ്രഭാഷണം നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഗുർമീതിന്റെ ആവശ്യം നിരസിച്ചു. തുടക്കത്തിൽ ഗുർമീതിന് ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ആറ് കിലോയോളം തൂക്കം കുറഞ്ഞിരുന്നു.

ഗുർമീതിന്റെ വളർത്തുമകളും അടുത്ത അനുയായിയുമായ ഹണി പ്രീത് അംബാല സെൻട്രൽ ജയിയിൽ വിചാരണത്തടവുകാരിയാണ്. ഓരോ തവണയും കോടതിയിൽ ഹാജരാകുമ്പോൾ ഡിസൈനർ വസ്ത്രങ്ങളിട്ടാണ് ഹണിപ്രീത് എത്തുന്നത്. സഹതടവുകാരോട് സംസാരിക്കാനോ പ്രാർത്ഥനയിൽ പങ്കെടുക്കാനോ ഹണിപ്രീത് കൂട്ടാക്കാറില്ലെന്നാണ് റിപ്പോർട്ടുകൾ.
