ബലാത്സംഗക്കേസില്‍ ജയിലിലായ ആള്‍ദൈവം ഗുര്‍മീത് റാം റഹിമിന് വളര്‍ത്തുമകള്‍ ഹണിപ്രീതുമായി അവിഹിത ബന്ധമുണ്ടായിരുന്നെന്ന ആരോപണവുമായി ഹണിപ്രീതിന്റെ മുന്‍ ഭര്‍ത്താവ് രംഗത്തെത്തി. ഹണി പ്രീതിനെ നിയമപരമായി ഗുര്‍മീത് ദത്തെടുത്തിട്ടില്ലെന്നും മുന്‍ ഭര്‍ത്താവ് വിശ്വാസ് ഗുപ്ത വെളിപ്പെടുത്തി. അതിനിടെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്ന ഹണിപ്രീത് നേപ്പാളിലുണ്ടാവാനുള്ള സാധ്യത നേപ്പാളിലെ ഉന്നത അന്വേഷണ ഏജന്‍സി തള്ളി.

ഗുര്‍മീത് റാം റഹിമിനും പപ്പയുടെ മാലാഖയെന്ന് വിളിച്ചിരുന്ന വളര്‍ത്തുമകള്‍ ഹണിപ്രീതിനും ഇടയിലുള്ള ബന്ധം മുന്‍ഭര്‍ത്താവായ വിശ്വാസ് ഗുപ്ത വാര്‍ത്താസമ്മേളനം നടത്തിയാണ് വിശദീകരിച്ചത്. ഗുര്‍മീതിന്‍റെ അനുയായിയായ ഹണിപ്രീത് വിവാഹ ശേഷവും ആശ്രമത്തിലാണ് കഴിഞ്ഞത്. ഗുര്‍മീതിനും ഹണി പ്രീതിനുമിടയില്‍ അച്ഛനും മകളും എന്ന ബന്ധമല്ലായിരുന്നു. എതിര്‍ത്തപ്പോള്‍ ഗു‍ര്‍മീത് തന്നെ ഭീഷണിപ്പെടുത്തി. ഒരു ഭര്‍ത്താവിന് താങ്ങാവുന്നതിലപ്പുറമുള്ള കാര്യങ്ങള്‍ കാണേണ്ടിവന്നെന്നും ഗുപ്ത പറഞ്ഞു.

ഗുര്‍മീത് നിയമപരമായി ഹണിപ്രീതിനെ ദത്തെടുത്തിട്ടില്ല. സിനിമാ അഭിനയവും ആഡംബര സൗകര്യങ്ങളും ആവോളം ലഭിച്ചപ്പോള്‍ ഹണി പ്രീതിന് തന്നെ വേണ്ടാതായെന്നും കള്ളക്കേസ് കൊടുത്തെന്നും വിശ്വാസ് ഗുപ്ത പറഞ്ഞു. ഒളിവില്‍ പോയ ഹണി പ്രീതിനായി നേപ്പാളില്‍ നടത്തിയ അന്വേഷണവും ഫലം കണ്ടില്ല. ഹണിപ്രീതിനെ നേപ്പാളില്‍ കണ്ടെന്ന വിവരത്തെ തുടര്‍ന്ന് നേപ്പാളിലെ കേന്ദ്ര അന്വേഷണ ഏജന്‍സി തെരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ നേപ്പാളിലുണ്ടാകാനുള്ള സാധ്യത വിരളമാണെന്ന് അന്വേഷണ ഏജന്‍സി ഡയറക്ടര്‍ ഇന്ന് വ്യക്തമാക്കിയതോടെ അന്വേഷണം വീണ്ടും വഴിമുട്ടിയിരിക്കുകയാണ്.