ചണ്ഡീഗഢ്: ബലാത്സംഗക്കേസില്‍ ജയിലിലായതോടെ ദേരാ സച്ചാ സൗദ തലവന്‍ ഗുര്മീത് റാം റഹീമിനെ സിനിമാ സംഘടനകള്‍ പുറത്താക്കി. സിനിമാ സീരിയല്‍ താരങ്ങളുടെയും സംവിധായകരുടേയും സംഘടനകളാണ് ഗുര്‍മീതിനെ പുറത്താക്കിയത്.
മെസഞ്ചര്‍ ഓഫ് ഗോഡ്,ദി വാരിയര്‍ ഓഫ് ലയണ്‍ ഹാര്‍ട്ട് തുടങ്ങി ചിത്രങ്ങളിലഭിനയിച്ചാണ് ഗുര്‍മീത് സിനിമാ സംഘടനകളില്‍ അംഗത്വമെടുക്കുന്നത്. സിനിമയ്ക്ക് പുറത്തെ സ്വാധീനം ഉപയോഗിച്ച് സംഘടനയുടെ നയ തീരുമാനങ്ങള്‍ സ്വാധീനിക്കാന്‍ ഗുര്‍മീതിന് കഴിഞ്ഞിരുന്നു.
ഗുര്‍മീതിനെതിരെ എതിര്‍സ്വരം ഉയര്‍ത്താന്‍ സംഘടനകളില്‍ ആര്‍ക്കും സാധിച്ചിരുന്നുമില്ല. എന്നാല്‍ ബലാല്‍സംഗക്കേസില്‍ ഗുര്‍മീത് 20 വര്‍ഷം തടവ് ശിക്ഷയേറ്റുവാങ്ങി ജയിലില്‍ പോയതിന് പിന്നാലെയാണ് സംഘടനകള്‍ ഒന്നൊന്നായി ഗുര്‍മീതിനെ പുറത്താക്കിയത്.
സിനിമാ സീരിയല്‍ സംവിധായകരുടെ സംഘടനയും താരങ്ങളുടെ സംഘടനയും ഗുര്‍മീതിനെ പുറത്താക്കി. ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കുറ്റവാളിയെ സംഘടനയില്‍ ഉള്‍പ്പെടുത്താനാകില്ലെന്നാണ് സംഘടനകള്‍ നല്‍കിയ വിശദീകരണം. എന്നാല്‍ നടിയും സംവിധായികയുമായ വളര്‍ത്തുമകള്‍ ഹണിപ്രീതിന്റെ അംഗത്വം റദ്ദാക്കിയിട്ടില്ല.
ഗുര്‍മീതിനെ രക്ഷിക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ ഹണി പ്രീത് ഒളിവിലാണ്. നേപ്പാളിലേക്ക് കടന്നെന്ന സംശയത്തില്‍ അന്വേഷണം നേപ്പാളിലെ ആശ്രമങ്ങളിലേക്ക് വ്യാപിപ്പിച്ചു. നേരത്തേ ഹണിപ്രീതിനെ പുതിയ തലവയായി പരിഗണിച്ചിരുന്നെങ്കിലും ഒളിവില്‍ പോയ പശ്ചാത്തലത്തില്‍ ഗുര്‍മീതിന്റെ മകന്‍ അമര്‍പ്രീതിനെ പുതിയ തലവനാക്കാനുള്ള ചര്‍ച്ചകളാണ് സിര്‍സയില്‍ പുരോഗമിക്കുന്നത്.
