ഗുരുവായൂരില്‍ വിവാഹശേഷം വരന് താലിയൂരി കൊടുത്ത യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ കരിവാരി തേക്കുന്നവര്‍ക്കെതിരെ കേസ് എടുക്കാൻ വനിതാ കമ്മീഷൻ പൊലീസിന് നിര്‍ദേശം നല്‍കി.കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ നാളെ വീട്ടിലെത്തി യുവതിയെ കാണും. കഴിഞ്ഞ ഞായറാഴ്ചയാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹ ശേഷം വരന് താലിയൂരി കൊടുത്ത് യുവതി മണ്ഡപത്തില് നിന്ന് ഇറങ്ങിപോയത്.

ഇത് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാകുകയും യുവതിയെയും കുടുംബത്തെയും അവഹേളിക്കുന്ന തരത്തില്‍ അഭിപ്രായപ്രകടനങ്ങള്‍ വ്യാപകമാകുകയും ചെയ്തിരുന്നു. സംഭവത്തിനു ശേഷം യുവതിയുടെ വീട്ടിലെത്തിയ ഗുരുവായൂര്‍ എംഎല്‍എ അബ്ദുള്‍ കാദര്‍ പ്രശ്നത്തില് വനിതാകമ്മീഷൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടു.ഈ സാഹചര്യത്തിലാണ് വനിതാകമ്മീഷന്‍റെ ഇടപെടല്‍. 

സമൂഹമാധ്യമങ്ങളിലൂടെ യുവതിയെയും കുടുംബത്തെയും അധിക്ഷേപിക്കുന്നവര്‍ക്കെതിരെ കേസെടുക്കാൻ അധ്യക്ഷ എംസി ജോസഫൈൻ പൊലീസിന് നിര്ദേശം നല്‍കി.വിവാഹദിവസം എന്താണ് സംഭവിച്ചതെന്ന് യുവതിയോട് അധ്യക്ഷ നേരിട്ട് ചോദിച്ചറിയും.നാളെ ഉച്ചയോടെ എം സി ജോസഫൈൻ യുവതിയുടെ വീട്ടിലെത്തും. താലിയൂരി കൊടുത്ത് യുവതി കാമുകനൊപ്പം പോയെന്നാണ് വാര്‍ത്തകള്‍ പരക്കുന്നത്. എന്നാല്‍ ഇത് ശരിയല്ല. യുവതി അച്ഛനമ്മമാര്‍ക്കൊപ്പം സ്വന്തം വീട്ടിലുണ്ടെന്നും ഇവര്‍ അറിയിച്ചു.

യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ തേജോവധം ചെയ്യുന്നതില്‍ തനിക്ക് പങ്കില്ലെന്ന് വരൻ അറിയിച്ചു. അതെസമയം വരന്‍റെ വീട്ടുകാര്‍ക്ക് നഷ്ടപരിഹാരമായി 8 ലക്ഷം രൂപ നല്‍കുമെന്ന് യുവതിയുടെ അച്ചൻ വ്യക്തമാക്കി.