തൃശൂര്‍: ഗുരുവായൂർ ക്ഷേത്രത്തിലേക്ക് അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശന കാര്യത്തിൽ തന്ത്രി കുടുംബത്തിൽ ഭിന്നത. ക്ഷേത്രപ്രവേശനത്തിന് അനുകൂല നിലപാടെടുത്ത ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിനെ തള്ളി മുഖ്യതന്ത്രിയടക്കം നാല് കുടുംബാംഗങ്ങൾ രംഗത്തെത്തി. അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനം ആശങ്കയുണ്ടാക്കുന്നതാണെന്നും ദിനേശൻ നമ്പൂതിരിപ്പാടിന്‍റെ നിലപാട് വ്യക്തിപരമാണെന്നുമാണ് മറ്റ് കുടുംബാങ്ങളുടെ നിലപാട്.

ഗുരുവായൂർ ക്ഷേത്രദർശനത്തിനായി നിരവധി അഹിന്ദുക്കൾ അനുമതി തേടി വരുന്ന പശ്ചാത്തലത്തിലായിരുന്നു അഹിന്ദുക്കളുടെ ക്ഷേത്ര പ്രവേശനത്തിന് സർക്കാർ മുൻകൈ എടുക്കണമെന്ന ദിനേശൻ നമ്പൂതിരിപ്പാടിന്‍റെ പ്രസ്താവന.ഗുരുവായൂർ ക്ഷേത്രത്തിന് മാത്രമായി തീരുമാനമെടുക്കാനാവില്ലെന്നും പണ്ഡിത ശ്രേഷ്ഠരുമായി ചർച്ച നടത്താൻ സർക്കാർ മുൻകൈ എടുക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ വാർത്ത പുറത്തുവന്നതോടെ തന്ത്രി കുടുംബത്തിലെ മറ്റ് അംഗങ്ങൾ പ്രസ്താവനയെ എതിർത്ത് രംഗത്തെത്തി.

മുഖ്യതന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട് അടക്കം നാല് തന്ത്രി കുടുംബാംഗങ്ങളും അഹിന്ദുക്കളുടെ ക്ഷേത്ര പ്രവേശനത്തെ എതിർത്തു. ആശങ്കയിലാഴ്ത്തുന്ന വാർത്തയാണ് പുറത്തുവന്നതെന്നും ദിനേശൻ നമ്പൂതിരിപ്പാട് പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും തന്ത്രി കുടുംബാഗംങ്ങൾ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

അതേസമയം ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിനെ അനുകൂലിച്ച് ദേവസ്വം മന്ത്രിയടക്കം നിരവധി നേതാക്കൾ രംഗത്തെത്തി. കാലോചിതമായ മാറ്റം ആവശ്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.സാമൂഹിക മാറ്റമുണ്ടാക്കാൻ സ‍ർക്കാർ മുൻകൈ എടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അഭിപ്രായപ്പെട്ടു. വിഷയം ഭരണസമിതി ചർച്ച ചെയ്യുമെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ എൻ പീതാംബരക്കുറുപ്പ് അറിയിച്ചു.