ജനീവ: സമാധാനത്തിന് മുഖ്യ പ്രാധാന്യം നല്‍കണമെന്ന ആഹ്വാനവുമായി അന്റോണിയോ ഗുട്ടെറസ്, യുഎന്‍.സെക്രട്ടറി ജനറല്‍ സ്ഥാനം ഏറ്റെടുത്തു. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ദൃഢമാക്കാനാകും ശ്രമം.സമാധാനത്തിലൂന്നിയുള്ള നയതന്ത്രം ഊട്ടിയുറപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പ്രതിസന്ധികൾ ഒഴിവാക്കുക, സമാധാനത്തെ പ്രോൽസാഹിപ്പിക്കുക എന്നതിനായിരിക്കും തന്റെ മുഖ്യ ഊന്നലെന്നു ഗുട്ടെറസ് വ്യക്തമാക്കി.

എല്ലാ സർക്കാരുകളുമായും, പ്രത്യേകിച്ചു വരാൻപോകുന്ന യുഎസ് ഭരണകൂടവുമായും സഹകരിച്ചു പ്രവർത്തിക്കുമെന്നും ഗുട്ടെറസ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഡോണൾഡ് ട്രംപ് ജനുവരി 20ന് അധികാരത്തിൽ വരുമ്പോൾ കാര്യങ്ങൾ അത്ര എളുപ്പമാവില്ലെന്നാണു സൂചന. താന്‍ അധികാരമേറ്റെടുത്ത് കഴിഞ്ഞാല്‍ യു.എന്നിന് കാര്യങ്ങള്‍ എളുപ്പമാവില്ലെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.

യുഎൻ രക്ഷാസമിതിയിൽ യുഎസ് വീറ്റോ അധികാരമുള്ള രാജ്യമാണ്. ഐക്യരാഷ്ട്ര സംഘടനയുടെ പൊതു ബജറ്റിന്റെ 22 ശതമാനവും സമാധാന സംരക്ഷണത്തിനുള്ള ബജറ്റിന്റെ 25 ശതമാനവും യുഎസ് ആണു നൽകുന്നത്. ഈ സാഹചര്യത്തിൽ യുഎന്നിനെ വെറും ക്ലബ് എന്നു വിശേഷിപ്പിച്ച ട്രംപ് പ്രസിഡന്റാകുമ്പോൾ കാര്യങ്ങൾ അത്ര സുഗമമാകില്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.