കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രിയായി ചുമതലയേറ്റു മുഖ്യമന്ത്രി പദത്തില്‍ കുമാരസ്വാമിക്ക് ഇത് രണ്ടാംഊഴം ജി.പരമേശ്വര ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു
ബെംഗളൂരു: കര്ണാടക സംസ്ഥാനത്തിന്റെ 24-ാം മുഖ്യമന്ത്രിയായി എച്ച്.ഡി. കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുഖ്യമന്ത്രി പദത്തില് കുമാരസ്വാമിക്ക് ഇത് രണ്ടാം ഊഴമാണ്. കുമാരസ്വാമിക്കൊപ്പം ജി.പരമേശ്വര ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.
സത്യപ്രതിജ്ഞ ചടങ്ങ് ബിജെപി വിരുദ്ധകൂട്ടായ്മയായി മാറി. മായാവതി, മമത, അഖിലേഷ് യാദവ്,ശരത് യാദവ്, സോണിയ ഗാന്ധി, രാഹുല് ഗാന്ധി, സിദ്ധരാമയ്യ, ചന്ദ്രബാബു നായിഡു എന്നിവരും കേരളാ മുഖ്യമന്ത്രി പിറണായി വിജയനും മന്ത്രി മാത്യു.ടി. തോമസും ചടങ്ങില് പങ്കെടുത്തു.
1996 ൽ ദേവഗൗഡയെ അപ്രതീക്ഷിതമായി പ്രധാനമന്ത്രിപദം തേടി എത്തിയത് പോലെയാണ് മകൻ എച്ച്.ഡി. കുമാരസ്വാമി വീണ്ടും മുഖ്യമന്ത്രിയാകുന്നത്. രണ്ടാംതവണയും പ്രമുഖ പാർട്ടികൾക്ക് കേവല ഭൂരിപക്ഷം കിട്ടാതെ വന്നതാണ് കുമാരസ്വാമിക്കും ജെഡിഎസ്സിനും ഗുണമായത്. തെരഞ്ഞെടുപ്പിന് മുമ്പേ കിങ് മേക്കറല്ല താൻ കിംങ് തന്നെ ആകുമെന്ന് കുമാരസ്വാമി പ്രഖ്യാപിച്ചു. കർണ്ണാടകത്തിലെ ജനവിധിയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ ജെഡിഎസ്സിനേയും കുമാരസ്വാമിയേയും തുണച്ചു. 1996 ൽ ഐക്യമുന്നണിയെ പുറത്ത് നിർത്താൻ എച്ച്.ഡി. ദേവഗൗഡയ്ക്ക് പിന്തുണ നൽകിയ പോലെ കർണ്ണാടകത്തിൽ രണ്ടാംവട്ടവും ജെഡിഎസ്സിന് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചു.
മതനിരപേക്ഷ ഐക്യമെന്ന പേരിൽ കുമാരസ്വാമി കൈകൊടുത്തത് കന്നഡ മണ്ണിലെ തിരിച്ചുവരവ് കൂടി പ്രതീക്ഷിച്ചാണ്. ജെഡിഎസ് പ്രവർത്തകർക്കും കുമാരസ്വാമിയിൽ വിശ്വാസമുണ്ട്. 96 ലാണ് സിനിമാ നിർമ്മാതാവിൽ നിന്ന് കുമാരസ്വാമി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. അച്ഛന്റെ രാഷ്ട്രീയ തണൽ മകന് തുടക്കത്തിൽ ഗുണം ചെയ്തില്ലെങ്കിലും 2004 ൽ എംഎ.എ ആയതോടെ കുമാരസ്വാമിയുടെ രാശി തെളിഞ്ഞു. കന്നഡികർക്ക് മണ്ണിന്റെ മകനും കുമാരണ്ണയുമായി. 2004 ൽ കോൺഗ്രസും ജെഡിഎസ്സും കൈകോർത്ത് കർണ്ണാടകത്തിലെ ആദ്യ മുന്നണി സംവിധാനം അധികാരത്തിലേറയപ്പോൾ, പിന്നിൽ കരുക്കൾ നീക്കി കുമാരസ്വാമി ഉണ്ടായിരുന്നു. 2006 ൽ കോൺഗ്രസിനെ കൈവിട്ട് ബിജെപിക്ക് ഒപ്പം കൂടി അദ്ദേഹം മുഖ്യമന്ത്രിയായി. അച്ഛൻ ദേവഗൗഡയുടെ താൽപര്യം പോലും അവഗണിച്ചാണ് കുമാരസ്വാമി ബിജെപിയെ പിന്തുണച്ചത്.
ചുരുങ്ങിയ കാലത്തെ മുഖ്യമന്ത്രിപദം കുമാരസ്വാമിയെ ജനപ്രീയനാക്കി. ഖനി കമ്പനികളിൽ നിന്ന് കോടികൾ കൈക്കൂലി വാങ്ങിയെന്ന കേസും ഭൂമി തട്ടിപ്പ് വിവാദവും തിരിച്ചടിയായി. ഒരു വർഷം തികയും മുമ്പ് മുഖ്യമന്ത്രിപദം പങ്കിടുന്നതിനെ ചൊല്ലി യെദ്യൂരപ്പയുമായുള്ള തർക്കം കുമാരസ്വാമിക്ക് പുറത്തേക്കുള്ള വഴിതെളിച്ചു. മുൻകാല അനുഭവങ്ങൾ നല്ലതല്ലെങ്കിലും, ബിജെപിയെ വെട്ടാൻ കോൺഗ്രസ് തൽക്കാലം കുമാരസ്വാമിയെ വിശ്വസിക്കുന്നു. ശത്രുക്കളുടെ പട്ടികയിൽ ആദ്യമുണ്ടായിരുന്ന സിദ്ധരാമയ്യയ്ക്ക് വരെ കൈകൊടുത്താണ് കുമാരസ്വാമി മുഖ്യമന്ത്രിയാകുന്നത്. രാഷ്ട്രീയ ജീവിതം പോലെ സംഭവബഹുലമാണ് കുമാരസ്വാമിയുടെ വ്യക്തിജീവിതവും. ആദ്യ ഭാര്യ അനിതയുമായുള്ള വിവാഹം നിലനിൽക്കെ കന്നഡയിലെ സൂപ്പർനായിക രാധികയെ രഹസ്യവിവാഹം ചെയ്തതും വിവാദമായിരുന്നു.
