ആലപ്പുഴ: പനിപ്പേടിയില്‍ ആശങ്കയോടെ ആലപ്പുഴ. ജില്ലയില്‍ അഞ്ച് പേര്‍ക്ക് എച്ച് വണ്‍ എന്‍ വണും ഒരാള്‍ക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. 
ആലപ്പുഴ ജില്ലില്‍ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പരിശോധനയ്‌ക്കെത്തിയ അഞ്ച് പേരിലാണ് എച്ച് 1 എന്‍ 1 പനിബാധ സ്ഥിരീകരിച്ചത്. പനി പടരാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. 

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധ ശേഷി കുറഞ്ഞവരില്‍ പനിയുടെ ലക്ഷണം കണ്ടാല്‍ അടിയന്തരമായി ചികിത്സയ്‌ക്കെത്തിക്കാനും ആരോഗ്യ പ്രവര്‍ത്തകരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഗര്‍ഭിണികള്‍, വൃദ്ധര്‍, കുഞ്ഞുങ്ങള്‍ മറ്റ് രോഗങ്ങള്‍ക്ക് ചികിത്സയിലുള്ളവര്‍ ഒക്കെ പനി പിടിപെട്ടാല്‍ ഉടന്‍ ചികിത്സ തേടണമെന്നും ഡിഎംഒ അറിയിച്ചു

വള്ളികുന്നത്താണ് ഇന്നലെ ഡെങ്കിപ്പനി ബാധ കണ്ടെത്തിയത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 2000ലേറെ പേരാണ് പനിബാധിച്ച് ജില്ലയില്‍ ചികിത്സ തേടിയത്. പകര്‍ച്ചവ്യാധികള്‍ പടരാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ മുന്‍കരുതലെടുക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.