തൃശ്ശൂർ: തൃശ്ശൂർ ജില്ലയിൽ എച്ച്1എന്‍1 ബാധ പടരാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്. ജില്ലയിൽ ഈ വർഷം മാത്രം 11 പേർക്ക് രോഗ ബാധയുണ്ടായതായി അധികൃതർ അറിയിച്ചു. വായുവിലൂടെ പകരുന്ന രോഗമായതിനാൽ വ്യക്തി ശുചിത്വം പാലിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ ജാഗ്രതാനിർദേശം.

കഴിഞ്ഞ വർഷം ജില്ലയിൽ ഒരൊറ്റ എച്ച്1എന്‍1 കേസ് പോലും തൃശ്ശൂർ ജില്ലയിൽ റിപ്പോർട്ട് ചെയ്തിരുന്നില്ല. എന്നാൽ ഈ വർഷം ജനുവരി മുതൽ ഒക്ടോബർ വരെ മാത്രം റിപ്പോർട്ട് ചെയ്തത് 11 കേസുകൾ. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങൾ രോഗം പടരാൻ സാധ്യതയുള്ള സമയമാണെന്നും  ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു.

ഇൻഫ്ലൂവെൻസ എ വിഭാഗത്തിൽപ്പെട്ട വൈറസാണ് എച്ച്1എന്‍1 രോഗം പടർത്തുന്നത്.  വ്യക്തി ശുചിത്വം പാലിക്കുകയാണ് പ്രതിരോധിക്കാനുള്ള മാർഗ്ഗം. തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുന്പോൾ ടവ്വൽ ഉപയോഗിക്കണം. കൈകൾ ഇടയ്ക്കിടെ സോപ്പിട്ട് കഴുകണം. രോഗ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സ്വയം ചികിത്സ നടത്താതെ ഡോക്ടറെ കാണണമെന്നും അധികൃതർ നിർദേശിയ്ക്കുന്നു.