Asianet News MalayalamAsianet News Malayalam

'അവർ എന്നെ കുറ്റവാളിയും മാനസിക രോഗിയുമാക്കി വിധിയെഴുതി'; ഹാദിയ പറയുന്നു

ഒരു സാധാരണക്കാരിയായ എന്നെ സംബന്ധിച്ച് പോലീസ്, കോടതി, ജഡ്ജി, ഹൈക്കോടതി, സുപ്രീം കോടതി ഇതൊക്കെ എനിക്ക് അപരിചിതമായിരുന്നു. എന്റെ ജീവിതത്തിൽ ഞാനൊരു നിലപാട് സ്വീകരിച്ചപ്പോൾ ഇതൊക്കെ എനിക്ക് പരിജയപ്പെടേണ്ടി വന്നു. എനിക്ക് ഉറപ്പാണ്. മുസ്ലിമായതിന്റെ പേരിൽ മാത്രമാണ് എനിക്കിതൊക്കെ അനുഭവിക്കേണ്ടി വന്നത്

Hadiya Asokan facebook post
Author
Kochi, First Published Oct 19, 2018, 6:25 PM IST

കൊച്ചി: രാജ്യം ഉറ്റു നോക്കിയ ഹാദിയ കേസ് അന്വേഷണം കഴിഞ്ഞ ദിവസമാണ് എന്‍ഐഎ അവസാനിപ്പിച്ചത്. നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നതിന് തെളിവില്ലെന്ന് വ്യക്തമായ സാഹചര്യത്തിലായിരുന്നു കേസന്വേഷണം എന്‍ഐഎ അവസാനിപ്പിച്ചത്. ഷെഫിന്‍- ഹാദിയ വിവാഹത്തില്‍ ലൗജിഹാദ് ഇല്ലെന്നും ഇതു സംബന്ധിച്ച് ഇനി കോടതിയില്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നില്ലെന്നും എന്‍ഐഎ വ്യക്തമാക്കിയിരുന്നു. കേസന്വേഷണം അവസാനിപ്പിച്ച ശേഷം ഇതാദ്യമായി പ്രതികരണവുമായി ഹാദിയ രംഗത്തെത്തി.

ശരി എന്ന് തോന്നിയ വഴി തെരഞ്ഞെടുത്തപ്പോൾ ഒരു ഇന്ത്യൻ പൗരയെന്ന നിലയിൽ ആശ്വാസവും പ്രതീക്ഷയും ആകേണ്ട എല്ലാ കേന്ദ്രങ്ങളും നിരാശയാണ് നൽകിയതെന്ന് ഹാദിയ വ്യക്തമാക്കി. ഭരണപക്ഷവും പ്രതിപക്ഷവും ജുഡീഷ്യറിയും അന്വേഷണ ഉദ്യോഗസ്ഥരും മറ്റു സർക്കാർ ഏജൻസികളും പ്രതിസ്ഥാനത്ത് നിർത്തിയെന്നും അവർ എന്നെ കുറ്റവാളിയും മാനസിക രോഗിയുമാക്കി വിധിയെഴുതിയെന്നും ഫേസ്ബുക്കിലൂടെ ഹാദിയ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപത്തില്‍

എനിക്ക് ശരി എന്ന് തോന്നിയ വഴി ഞാൻ തെരഞ്ഞെടുത്തപ്പോൾ ഒരു ഇന്ത്യൻ പൗരയെന്ന നിലയിൽ ആശ്വാസവും പ്രതീക്ഷയും ആകേണ്ട എല്ലാ കേന്ദ്രങ്ങളും നിരാശയാണ് എനിക്ക് നൽകിയത്. ഭരണപക്ഷവും പ്രതിപക്ഷവും ജുഡീഷ്യറിയും അന്വേഷണ ഉദ്യോഗസ്ഥരും മറ്റു സർക്കാർ ഏജൻസികളും എന്നെ പ്രതിസ്ഥാനത്ത് നിർത്തി. അവർ എന്നെ കുറ്റവാളിയും മാനസിക രോഗിയുമാക്കി വിധിയെഴുതി.

അപ്പോഴൊക്കെ എന്റെ ശരിയോടൊപ്പം നിൽക്കുകയും എനിക്ക് വേണ്ടി പ്രാർത്ഥിക്കുകയും എനിക്ക് വേണ്ടി ത്യാഗം സഹിക്കുകയും നിയമപോരാട്ടത്തിനായി സാമ്പത്തികമായി സഹായിക്കുകയും ചെയ്ത നിരവധി പേരുണ്ട്. എല്ലാവരോടും ഒരിക്കൽ കൂടി എന്റെ കടപ്പാട് അറിയിക്കുന്നു.

ഒരു സാധാരണക്കാരിയായ എന്നെ സംബന്ധിച്ച് പോലീസ്, കോടതി, ജഡ്ജി, ഹൈക്കോടതി, സുപ്രീം കോടതി ഇതൊക്കെ എനിക്ക് അപരിചിതമായിരുന്നു. എന്റെ ജീവിതത്തിൽ ഞാനൊരു നിലപാട് സ്വീകരിച്ചപ്പോൾ ഇതൊക്കെ എനിക്ക് പരിജയപ്പെടേണ്ടി വന്നു. എനിക്ക് ഉറപ്പാണ്. മുസ്ലിമായതിന്റെ പേരിൽ മാത്രമാണ് എനിക്കിതൊക്കെ അനുഭവിക്കേണ്ടി വന്നത്.

പക്ഷെ എല്ലാം തരണം ചെയ്യാൻ എനിക്ക് കരുത്തും ഊർജ്ജവും ആയത് എന്റെ വിശ്വാസമായിരുന്നു. എന്റെ റബ്ബ് എന്നെ കൈ വിടില്ല എന്ന വിശ്വാസം. നിലപാട് ശരിയാവുകയും അതിൽ വെള്ളം ചേർക്കാതെ ഉറച്ച് നിൽക്കുകയും ചെയ്താൽ വിജയിപ്പിക്കൽ റബ്ബ് ബാധ്യതയായി ഏറ്റെടുക്കുമെന്ന വിശ്വാസം ഒരിക്കൽ കൂടി യാഥാർത്ഥ്യമായിരിക്കുന്നു. ഈ വിജയം ഒരു വ്യക്തിയുടെ വിജയമല്ല. കൂട്ടായ പരിശ്രമത്തിന്റെ വിജയമാണ്.

എന്നോടൊപ്പം നിൽക്കുകയും എന്റെ നീതിക്കായി പോരാടുകയും ചെയ്ത പലരെയും ഒരു കാരണവുമില്ലാതെ വേട്ടയാടി. ഞാൻ ഒരിക്കൽപോലും കണ്ടിട്ടില്ലാത്തവരാണ് എന്റെ നീതിക്ക് വേണ്ടി ശബ്ദിക്കാൻ ഉണ്ടായതെന്നത് നീതിക്കൊപ്പം നിൽക്കാനുള്ള എന്റെ സഹോദരീ സഹോദരന്മാരുടെ സത്യസന്ധതയാണ് ബോധ്യപ്പെടുത്തുന്നത്. അല്ലാഹു കൂടെയുണ്ടാവുമെന്ന വിശ്വാസം ഉള്ളിടത്തോളം മറ്റൊന്നിനെയും ഭയപ്പെടേണ്ടതില്ല. എല്ലാത്തിനും കഴിവുള്ളവനാണ് എന്റെ റബ്ബ്.

ഹാദിയ അശോകൻ

Follow Us:
Download App:
  • android
  • ios