ഹാദിയയുടെ വിവാഹം റദ്ദാക്കിയതിനെതിരായ ഹര്‍ജിയില്‍ വിധി ഇന്ന്

ദില്ലി: ഹാദിയ കേസില്‍ ഷെഫിൻ ജഹാന്‍ നല്‍കിയ ഹർജിയിൽ സുപ്രീം കോടതി ഉത്തരവ് ഇന്ന് രണ്ട് മണിക്ക്. വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിന് എതിരെയാണ് ഷെഫിന്‍ ജഹാന്‍ ഹർജി നല്‍കിയിരിക്കുന്നത്. തീവ്രവാദ ബന്ധമുണ്ടെങ്കിൽ ഷെഫീൻ ജഹാനും ഹാദിയക്കുമെതിരെ കേസെടുക്കാം.

എന്നാൽ വിവാഹത്തെക്കുറിച്ച് കേസെടുക്കാനാവില്ലെന്ന് ഹര്‍ജി പരിഗണിച്ച് സുപ്രീം കോടതി വ്യക്തമാക്കി. വിവാഹം ഇന്ത്യയുടെ ബഹുസ്വരതയുടെ ഭാഗമാണ്. അത് തകര്‍ക്കാനാകില്ലെന്നും കോടതി അറിയിച്ചു.

ഹേബിയസ് കോര്‍പ്പസില്‍ വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിയ്ക്ക് അധികാരമുണ്ടോ എന്ന കാര്യത്തിലാണ് ഉച്ചയ്ക്ക് സുപ്രീം കോടതി ഉത്തരവ് പ്രഖ്യാപിക്കുക. ഉത്തരവിലെ പ്രധാന ഭാഗങ്ങള്‍ മാത്രമായിരിക്കും രണ്ട് മണിയോടെ പ്രഖ്യാപിക്കുക. 

ഹാദിയയെ മതംമാറ്റി സിറിയയിലേക്കും തുടര്‍ന്ന് യെമനിലേക്കും കടത്താനാണ് ശ്രമം നടന്നതെന്നും ഇതു സംബന്ധിച്ച തെളിവുകളുണ്ടെന്നും ഹാദിയയുടെ അച്ഛന്‍ അശോകന്‍ർ കോടതിയില്‍ വാദിച്ചു. അതിനാല്‍ എന്‍ഐഎ റിപ്പോര്‍ട്ട് വിശദമായി പഠിച്ചതിന് ശേഷമേ നടപടിയെടുക്കാവൂ എന്നും അശോകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. 

ഹാദിയയുടെ സുഹൃത്തായ അമ്പിളി ഇടപെട്ടില്ലായിരുന്നുവെങ്കിൽ ഹാദിയ യമനിൽ ഫസൽ മുസ്തഫയുടെ രണ്ടാം ഭാര്യയായി മാറുമായിരുന്നു. അശോകന്‍റെ വാദങ്ങൾ ശരിവെക്കുന്ന സത്യവാംങ്മൂലമാണ് എൻഐഎയും സുപ്രീംകോടതിയിൽ നൽകിയത്. ഫസൽ മുസ്തഫക്കും ഇയാളുടെ ഭാര്യ ഷെറിൻ ഷെഹാന എന്നിവരുമായി ഹാദിയക്ക് ബന്ധമുണ്ടെന്ന് സത്യവാംങ്മൂലത്തിൽ എൻഐഎ പറയുന്നു. ഫസൽ മുസ്തഫക്കും ഷെറിൻ ഷെഹാനക്കുമായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ടെന്നും എൻഐഎ അറിയിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.