ശ്രീലേഖ മുതിർന്ന ഉദ്യോഗസ്ഥയും സഹപ്രവർത്തകയും ആയിരുന്നുവെന്നും മുതിർന്ന ഉദ്യോഗസ്ഥർ സേനയോട് അനുഭാവപൂർവ്വം പെരുമാറണമെന്നും സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ.
തിരുവനന്തപുരം: വട്ടിയൂർക്കാവ് പ്രതിഷേധത്തിൽ ആർ ശ്രീലേഖക്കെതിരെ വിമർശനവുമായി സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ. ആർ ശ്രീലേഖ മുതിർന്ന ഉദ്യോഗസ്ഥയും സഹപ്രവർത്തകയും ആയിരുന്നുവെന്നും മുതിർന്ന ഉദ്യോഗസ്ഥർ സേനയോട് അനുഭാവപൂർവ്വം പെരുമാറണമെന്നുമായിരുന്നു റവാഡ ചന്ദ്രശേഖറിൻ്റെ പ്രതികരണം.
അതേസമയം, ശബരിമല ഹെലികോപ്റ്റർ വിഷയത്തിൽ കേസ് എടുത്തിട്ടുണ്ടെന്നും ഹെലികോപ്റ്ററിന്റെ വ്യോമപാത വ്യതിയാനത്തിൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. ശ്രീകോവിലിന് മുകളിൽ താഴ്ന്ന് പറന്നതിലും അന്വേഷണം നടത്തും. മുണ്ടത്തിക്കോട് വെടിമരുന്ന് ദുരന്തത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. അപകടത്തിന്റെ കാരണത്തെക്കുറിച്ച് ഏകദേശം രൂപം ലഭിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ അപകടകാരണം വ്യക്തമായേക്കുമെന്നും റവാഡ ചന്ദ്രശേഖർ പറഞ്ഞു.
വട്ടിയൂർകാവിലെ സംഘർഷത്തിൽ പ്രതിഷേധിച്ചുള്ള ബിജെപിയുടെ സ്റ്റേഷൻ മാർച്ചിലായിരുന്നു പൊലീസിനെതിരായ മുൻ ഡിജിപിയുടെ മുദ്രാവാക്യം വിളി. കേരളത്തിലെ ആദ്യ വനിത ഡിജിപി ഇങ്ങനെ പൊലീസിനെ വിളിക്കാമോ എന്നായിരുന്നു ഐപിഎസ് അസോസിയേഷനിലെ ചോദ്യം. സംഘർഷത്തിൽ പ്രതിഷേധിച്ചുള്ള സംഘപരിവാർ സംഘടനകളുടെ മാർച്ചിൽ മറ്റൊരു മുൻ ഡിജിപി ടിപി സെൻകുമാറും പൊലീസിന് മുന്നറിയിപ്പ് നൽകിയിരുന്നു. മുൻ ഡിജിപിമാരുടെ പരാമർശങ്ങളിൽ സേനയിൽ കടുത്ത അമർഷവും പ്രതിഷേധവും ഉയർന്നിരുന്നു.

