24 വയസ്സ് പ്രായമുള്ള ഹാദിയക്ക് സ്വന്തം നിലക്ക് തീരുമാനം എടുക്കാന്‍ അവകാശമുണ്ടെന്ന് സുപ്രീംകോടതി. അച്ഛന് മാത്രമാണ് ഹാദിയയുടെ മേല്‍ പൂര്‍ണ അവകാശമെന്ന് പറയാനാകില്ലെന്നും സുപ്രീംകോടതി പരാമര്‍ശം നടത്തി. കേസില്‍ ഹാദിയയുടെ വിവാഹം റദ്ദാക്കാന്‍ കേരള ഹൈക്കോടതിക്ക് ഭരണഘടനാപരമായി അധികാരമുണ്ടോ എന്ന് പരിശോധിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു.

ഹാദിയ കേസില്‍ എന്‍.ഐ.എ അന്വേഷണത്തിനുള്ള ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഷഫിന്‍ ജഹാന്‍ നല്‍കിയ അപേക്ഷ പരിഗണിക്കവെയാണ് സുപ്രീംകോടതി ശ്രദ്ധേയമായ പരാമര്‍ശങ്ങള്‍ നടത്തിയത്. 24 വയസ്സുള്ള ഹാദിയയ്‌ക്ക് സ്വന്തം നിലക്ക് തീരുമാനം എടുക്കാനും തെരഞ്ഞെടുക്കാനും അവകാശമുണ്ട്. ഹാദിയയുടെ സംരക്ഷണത്തിനുള്ള പൂര്‍ണ അവകാശം അച്ഛന് മാത്രമാണെന്ന് പറയാനാകില്ല. കേസില്‍ വികാരങ്ങള്‍ മാറ്റിവെച്ച് നിയമപരമായ വസ്തുതകള്‍ ചൂണ്ടിക്കാട്ടി വാദങ്ങള്‍ നിരത്താന്‍ അഭിഭാഷകര്‍ ശ്രദ്ധിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഭരണഘടനയുടെ 226 –ാം അനുഛേദം അനുസരിച്ച് വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടോ എന്നത് പ്രധാന വിഷയമാണ്. ഇക്കാര്യം പരിശോധിക്കുമെന്ന് കോടതി അറിയിച്ചു. 

കൂടാതെ എന്‍.ഐ.എ അന്വേഷണം ആവശ്യമുണ്ടോ എന്നതും പരിശോധിക്കും. ഹാദിയ കേസില്‍ എന്‍.ഐ.എ അന്വേഷണം വേണമെങ്കില്‍ അന്യമതസ്ഥരെ ബി.ജെ.പി നേതാക്കള്‍ വിവാഹം ചെയ്തതിനെ കുറിച്ചും കോടതി എന്‍.ഐ.എ അന്വേഷണത്തിന് ഉത്തരവിടുമോ എന്ന് ഷഫിന്‍ ജഹാന്റെ അഭിഭാഷകന്‍ ചോദിച്ചു. കേസില്‍ മറുപടി സത്യവാംങ്മൂലം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനും കേരള സര്‍ക്കാരിനും കോടതി അനുമതി നല്‍കി. ഹാദിയയുടെ നിലവിലെ സാഹചര്യങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന വനിതാ കമ്മീഷനും കോടതി അനുമതി നല്‍കി.