സേലം: ഇഷ്ടമുള്ളവരെ കാണാൻ ഉള്ള സ്വാതന്ത്ര്യം ഇനിയും ലഭിച്ചിട്ടില്ലെന്ന് ഹാദിയ. ആറുമാസം തടവറയിൽ ആയിരുന്നു എന്നും മാതാപിതാക്കൾ മതപരിവർത്തനം നടത്താൻ നിർബന്ധിച്ചുവെന്നും ഹാദിയ സേലത്ത് പറഞ്ഞു. ഷെഫിനോട് സംസാരിച്ചിരുന്നുവെന്നും എന്ന് കാണാന്‍ എത്തുമെന്ന കാര്യം അറിയില്ലെന്നും ഹാദിയ പറഞ്ഞു.

സുപ്രീം കോടതി ഉത്തരവോടെ തുടര്‍പഠനം നടത്തുന്നതിനായി സേലത്തേ കോളേജിൽ എത്തിയ ഹാദിയയ്ക്ക് മുഴുവൻ സമയ പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ക്ലാസിലും ഹോസ്റ്റലിലും വനിതാ പൊലീസ് ഒപ്പം ഉണ്ട്. ഈ സാഹചര്യത്തിൽ ആഗ്രഹിച്ച സ്വാതന്ത്ര്യം എത്രത്തോളം ലഭിക്കും എന്ന ആശങ്കയിൽ തന്നെ ആണ് ഹാദിയ.

ആദ്യ ദിനം ക്ലാസ് കഴിഞ്ഞ ഹാദിയയെ പൊലീസ് സുരക്ഷയില്‍ ഹോസ്റ്റലിലേക്ക് മാറ്റി. കോളേജ് അധികൃതരുടെ അനുമതിയോടെ ഷെഫിൻ ജഹാന് ക്യാംപസില്‍ വെച്ച് ഹാദിയയെ കാണാം എന്ന് കോളേജ് എംഡി കല്‍പ്പന ശിവരാജ് പറഞ്ഞു. അതേസമയം ഹാദിയായെ കാണുന്ന കാര്യത്തിൽ ഷെഫിൻ ജഹാൻ നിയമോപദേശം തേടിയിട്ടുണ്ട്.