ലാഹോര്‍: ഭീകരന്‍ ഹഫീസ് സയീദും ഭീകരസംഘടന ലഷ്‌ക്കര്‍ ഇ തോയ്ബയും ബാദ്ധ്യതകളാണെന്ന് സമ്മതിച്ച് പാകിസ്ഥാന്‍. പാക് വിദേശകാര്യമന്ത്രി ഖ്വാജാ ആസിഫാണ് ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയത്. ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യ പാകിസ്ഥാന്‍ മണ്ണിലെ ഭീകരപ്രവര്‍ത്തനത്തെ ശക്തമായ ഭാഷയില്‍ തുറന്ന് കാട്ടിയതിന് പിന്നാലെയാണ് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രിയുടെ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്.
ലഷ്‌ക്കര്‍ പാകിസ്താന് മാത്രമല്ല ദക്ഷിണേഷ്യ മുഴുവനും ബാദ്ധ്യതയാണ്. നിങ്ങള്‍ പറയുന്ന പേരും സംഘടനയും നിരോധിക്കപ്പെട്ടതാണ്. ഇവര്‍ വീട്ടു തടങ്കലിലുമാണ്. എന്നിരുന്നാലും തങ്ങള്‍ കൂടുതല്‍ ചെയ്യേണ്ടതുണ്ടെന്ന നങ്ങളുടെ നിലപാടിനോട് യോജിക്കുന്നു. പാകിസ്താനും ഈ മേഖലയ്ക്കും പ്രതിസന്ധി രൂപപ്പെടുമ്പോള്‍ അത് വലിയ ബാദ്ധ്യതയാകുന്നു എന്നത് നിഷേധിക്കാനാകില്ലെന്ന് അദ്ദേഹംപറഞ്ഞു.
ന്യൂയോര്‍ക്കില്‍ ഏഷ്യാ സൊസൈറ്റിയുടെ ചോദ്യോത്തര വേളയില്‍ സയീദിനെ കുറിച്ചുള്ള ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു ഖ്വാജ. ഭീകരതയും അതിന്റെ ഘടകങ്ങളും രാജ്യത്ത് നിന്നു തുടച്ചുമാറ്റാനുള്ള ശ്രമങ്ങള്‍ പാകിസ്താന്‍ തുടരുകയാണെന്നും അതിന് സമയവും സമ്പത്തും വേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സയീദ് വലിയ ബാദ്ധ്യതയാണെന്നത് താന്‍ അംഗീകരിക്കുന്നു. എന്നാല്‍ ഇത്തരം ബാദ്ധ്യതകള്‍ ഇല്ലാതാക്കാന്‍ സമയം വേണമെന്നും പറഞ്ഞു.
20 വര്‍ഷമായി തങ്ങള്‍ നേരിടുന്ന ഭീകരതയ്ക്ക് കാരണം അമേരിക്കയുമായുള്ള ചങ്ങാത്തമാണെന്ന് കുറ്റപ്പെടുത്താനും മറന്നില്ല. അഫ്ഗാനില്‍ സോവ്യറ്റിനെതിരേ 1980 ല്‍ അമേരിക്ക ആഭ്യന്തര യുദ്ധത്തെ പ്രോത്സാഹിപ്പിച്ചത് തെറ്റായി പോയി. ഇതിന് കനത്ത വില നല്‍കേണ്ടി വന്നത് പാകിസ്താനായിരുന്നു. ഇത് പാകിസ്താനിലും അമേരിക്കയിലും ജിഹാദികള്‍ക്ക് വളമായി മാറി.
സയീദിന്റെ കാര്യത്തില്‍ തങ്ങളെ വിമര്‍ശിക്കേണ്ട. ഇവരെല്ലാം 20 വര്‍ഷം മുമ്പ് അമേരിക്കയുടെ പ്രിയതമകളായിരുന്നു. ഇക്കാര്യം വൈറ്റ് ഹൗസിന് നിഷേധിക്കാനാകാത്തതാണെന്നും ഇപ്പോള്‍ പൊടിയുന്നത് പാകിസ്താന്റെ ഹൃദയമാണെന്നും ഖ്വാജ പറഞ്ഞു. റഷ്യയെ പുറത്താക്കാന്‍ അമേരിക്കയ്ക്ക് വേണ്ടി ജിഹാദികളെ തങ്ങള്‍ക്ക് ന്യായീകരിക്കേണ്ടി വന്നതായും ആസിഫ് പറഞ്ഞു.
