ദില്ലി: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ജമാഅത്ത് നേതാവ് ഹാഫിസ് സയ്യിദ് പാകിസ്ഥാനില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു. കശ്മീര്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധയില്‍ക്കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് ഹാഫിസ് സയ്യിദ് പറഞ്ഞു. 2008 മുംബൈ ഭീകരാക്രമണ വാര്‍ഷികത്തിന് നാല് ദിവസം മുമ്പാണ് സയ്യീദിനെ ലാഹോര്‍ കോടതി വീട്ടു തടങ്കലില്‍ നിന്ന് മോചിപ്പിച്ചത്.

വീട്ടു തടങ്കലില്‍ നിന്ന് മോചിതനായ ഹാഫിസ് സയ്യിദ് പുറത്തിറങ്ങിയ ഉടന്‍ തന്നെ ഇന്ത്യക്കെതിരെ നിലപാടെടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ പ്രഖ്യാപനവും. രാഷ്ട്രീയത്തിലിറങ്ങാന്‍ ഇതാണ് മികച്ച സമയമെന്നും തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുക വഴി കശ്മീര്‍ അന്താരാഷ്ട്രാ തലത്തില്‍ ശ്രദ്ധാകേന്ദ്രമാക്കുകയാണ് ലക്ഷ്യമെന്ന് സയ്യിദ് പാക്കിസ്ഥാന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

ഇന്ത്യന്‍ സര്‍ക്കാരിന്റെ മുന്നില്‍ മുട്ടു മടക്കുകയാണ് ഇപ്പോഴത്തെ പാക്കിസ്ഥാന്‍ സര്‍ക്കാരെന്നും ഹാഫിസ് ആരോപിക്കുന്നു. ഹാഫിസ് സയീദ് സ്ഥാപകനായ ജമാഅത്ത് ഉദ് ദവ മിലി മുസ്ലിം ലീഗ് എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചിട്ടുണ്ടെങ്കിലും പാക്കിസ്ഥാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം കിട്ടിയിട്ടില്ല.