ദില്ലി: സ്ത്രീകള്‍ക്കുനേരെ പലരീതിയിലുള്ള അതിക്രമങ്ങളും നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ പിന്നിയിട്ട മുടിയുള്ള സ്ത്രീകളെ കണ്ടാല്‍ കലിപ്പ് ഉണ്ടാകുന്ന ചിലരെ കുറിച്ച് കേട്ടിട്ടുണ്ടോ?. ഹരിയാനയിലാണ് ഇത്തരം സംഭവം അരങ്ങേറുന്നത്. പിന്നിയിട്ട മുടികള്‍ അവരുപോലും അറിയാതെ മുറിച്ചു മാറ്റപ്പെടുന്നതാണ് ഇപ്പോള്‍ ഹരിയാനയിലെ സ്ത്രീകളെ ഭീതിപ്പെടുത്തുന്ന കാര്യം.
ഞായറാഴ്ച്ച 12 മണിക്കൂറിനിടയില്‍ മൂന്നു സ്ത്രീകളുടെ പിന്നിയിട്ട തലമുടിയാണ് മുറിച്ചു മാറ്റപ്പെട്ടത്. മൂന്നു സ്ത്രീകളും പറയുന്നത് ഒരേ കാര്യം തന്നെയാണ്. പെട്ടെന്ന് ഉണ്ടായ തലവേദനയെ തുടര്‍ന്ന് ഇവര്‍ വീട്ടില്‍ വിശ്രമിക്കുന്നതിനിടയിലാണ് മുടി മുറിച്ചു മാറ്റപ്പെട്ട സംഭവം ഉണ്ടായത്. ഇതിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
സമാനമായ സംഭവങ്ങള്‍ ഗുര്‍ഗാം, പല്‍വാല്‍, മീവാറ്റ് എന്നിവിടങ്ങളിലും നടന്നിരുന്നു. കഹംഗരി ഗ്രാമത്തില്‍ 55 കാരിയുടെ മുടി മുറിച്ചു മാറ്റപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. രാവിലെ 10.30 വരെ പാടത്ത് ജോലി ചെയ്തിരുന്ന ഇവര്‍ തലവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വീടിന്റെ ആറടി ഉയരമുള്ള ഇരുമ്പ് ഗേറ്റ് അടച്ചാണ് ഇവര്‍ വീട്ടിലേക്ക് കടന്നത്. പിന്നീട് തലവേദന അസഹ്യമാകുകയായിരുന്നു.
തുടര്‍ന്ന് പേരകുട്ടികളെ വിവരം അറിയിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല. അല്‍പസമയത്തിന് ശേഷം മുറിയിലേക്ക് വന്ന പേരമക്കള്‍ അബോധാവസ്ഥയില്‍ കിടക്കുന്ന ഇവരെ കണ്ടെത്തുകയായിരുന്നു. ഒപ്പം ചുവന്ന നിറത്തിലുള്ള ഇവരുടെ മുടി മുറിച്ചു മാറ്റപ്പെട്ട നിലയിലുമായിരുന്നു. എന്നാല്‍ ആരാണ് ഇത് ചെയ്തതെന്ന് വ്യക്തമല്ല. താന്‍ പാടത്തു നിന്ന് വരുമ്പോള്‍ ആരും പിന്തുടര്‍ന്നതായി കണ്ടെല്ലെന്നും ഈ സ്ത്രീ പൊലീസിനോട് വ്യക്തമാക്കി.
അന്നു രാത്രി എട്ടുമണിക്ക് വീണ്ടും സമാന സംഭവമുണ്ടായി തലവേദന അനുഭവപ്പെട്ട 45 കാരിയെ മകന്‍ റൂമിലാക്കി പുറത്തു പോകുകയായിരുന്നു. അല്‍പസമയത്തിനകം തലവേദന അസഹ്യമാകുകയും സ്ത്രീയുടെ ബോധം നഷ്ടപ്പെടുകയുമായിരുന്നു. പിന്നീട് മുറിയിലേക്ക് എത്തിയ മകന്‍, അമ്മ അബോധാവസ്ഥയില്‍ കിടക്കുന്നതാണ് കണ്ടത്. ഇവരുടെയും ചുവന്ന മുടി മുറിച്ച് മാറ്റിയ നിലയിലായിരുന്നു.
രാത്രി 11.30ഓടു കൂടി 50 വയസ്സുകാരിയുടെ വെളുത്ത തലമുടിയും മുറിച്ചു മാറ്റപ്പെട്ടിരുന്നു. അബോധാസ്ഥയിലായതിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏതോ ക്ഷുദ്രശക്തികളാണ് ഇതിന് പിന്നിലെന്നാണ് പ്രദേശവാസികളുടെ വിലയിരുത്തല്‍. എന്നാല്‍ പോലീസ് ഇതിലൊന്നും വിശ്വസിക്കുന്നില്ലെന്നും കുറ്റവാളികളെ കണ്ടെത്താന്‍ കഴിയുമെന്ന വിശ്വാസിലാണെന്നും ഡി സിപി സുരേന്ദ്ര കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇതിന് പിന്നില്‍ മോഷണമാവാമെന്നും പോലീസ് പറഞ്ഞു. മുന്ന് അപരിചിതരായ ചെറുപ്പാക്കാര്‍ ഈ ഗ്രാമത്തിലൂടെ അലസമായി നടുക്കുന്നതായി സിസിടിവിയില്‍ പോലീസ് കണ്ടെത്തിയിരുന്നു. ഏതെങ്കിലും തരത്തിലുള്ള വിഷം ഉപയോഗിച്ച് പ്രതികള്‍ സ്ത്രീകളെ അബോധാവസ്ഥയിലാക്കി മുടിമുറിക്കുകയാണെന്ന നിഗമനത്തിലാണ് പോലീസ്. ഇത് നിസ്സാരമായി കാണുന്നില്ലെന്നും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
