ബാങ്കോക്ക്: തായ്ലന്‍ഡിലെ ബാങ്കോക്കില്‍ നിന്നുള്ള 17-കാരി സുപത്ര നാറ്റി സുസുഫന് മുഖത്തും ശരീരത്തും തിങ്ങിനിറഞ്ഞ രോമം ഒരു സമയത്ത് അഴകിന്‍റെ അടയാളമായിരുന്നു. എന്നാല്‍, പ്രണയം തലയ്ക്ക് പിടിച്ചതോടെ, സുപത്രയ്ക്ക് തന്‍റെ രോമാവൃതമായ മുഖം അലോസരപ്പെടുത്തുന്ന കാഴ്ചയാകുകയായിരുന്നു. 

അംബ്രാസ് സിന്‍ഡ്രമെന്നും വേര്‍വോള്‍ഫ് സിന്‍ഡ്രമെന്നും അറിയപ്പെടുന്ന അപൂര്‍വ ജനിതക രോഗമാണ് സുപത്രയുടെ ശരീരം മുഴുവന്‍ രോമം വളരാന്‍ കാരണമായത്. കാഴ്ചയില്‍ ആരുമൊന്ന് ഞെട്ടുമെങ്കിലും സുപത്രയ്ക്ക് അത് ഒരുഘട്ടത്തില്‍ വലിയ പ്രശസ്തി ലഭിക്കാന്‍ കാരണമായി. ലോകത്തേറ്റവും രോമാവൃതയായ പെണ്‍കുട്ടിയെന്ന ഗിന്നസ് റെക്കോഡ് 2010-ല്‍ അവര്‍ക്ക് സ്വന്തമായി. 

മുഖത്തുമാത്രമല്ല, ചെവിയിലും കൈകളിലും കാലുകളിലും പുറത്തുമൊക്കെ കട്ടിക്ക് രോമം വളര്‍ന്നതായിരുന്നു അവരുടെ അവസ്ഥ. ലേസര്‍ ട്രീറ്റ്മെന്റടക്കം നടത്തിയെങ്കിലും രോമവളര്‍ച്ച തടയാനായില്ല. ഇതോടെ, അതിനെ ജീവിതത്തിന്റെ ഭാഗമായി കാണാന്‍ സുപത്ര തയ്യാറായി. വിവാഹിതയായതോടെ, തന്‍റെ വൈരൂപ്യത്തെ ഉള്‍ക്കൊണ്ടുകൊണ്ട് പ്രണയിക്കാന്‍ തയ്യാറായ ഭര്‍ത്താവിനു വേണ്ടി ദിവസവും ശരീരം മുഴുവന്‍ ഷേവ് ചെയ്ത് സുന്ദരിയാകാന്‍ സുപത്ര തീരുമാനിച്ചു. മണിക്കൂറുകള്‍ നീണ്ട ഷേവിങ്ങാണ് ഇതിനായി ഓരോ ദിവസവും സുപത്രയ്ക്ക് വേണ്ടിവരുന്നത്.

പലരെയും സമൂഹം അംഗീകരിക്കാന്‍ തയ്യാറാകാത്തത് ഇവരുടെ ജീവിതം ദുസ്സഹമാക്കാറുണ്ട്. എന്നാല്‍, സുപത്രയെ കുടുംബവും ഇപ്പോള്‍ ഭര്‍ത്താവും സ്വീകരിക്കുകയാണ് ചെയ്തത്. ചെന്നായ്ക്കുട്ടിയെന്നൊക്കെ വിളിച്ച് തുടക്കത്തില്‍ പലരും സുപത്രയെ കളിയാക്കിയിരുന്നു എന്നാല്‍, അച്ഛന്‍ സാമുറെങ്ങും അമ്മ സോംഫോനും സഹോദരി സുകന്യയും അവളെ സ്നേഹത്തോടെ പരിഗണിച്ചു. ഗിന്നസ് റെക്കോഡ് സ്വന്തമായതോടെ, അവള്‍ തായ്ലന്‍ഡിലാകെ സുപരിചിതയുമായി.