സ്വദേശങ്ങളിലേക്ക് തിരിച്ചുപോകാതെ അനധികൃതമായി രാജ്യത്തു തങ്ങുന്ന ഹജ്ജ് തീർത്ഥാടകരെ പിടികൂടുന്നതിന് ജവാസാത് പരിശോധന തുടങ്ങി. ഹജ്ജ് തീർത്ഥാടകർ കൃത്യ സമയത്തു സ്വദേശത്തേക്കു തിരിച്ചുപോകണമെന്നു ജവാസാത് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
വിസ കാലാവധിക്ക് ശേഷം അനധികൃതമായി രാജ്യത്തു താങ്ങുന്നവർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും ജവാസാത് അറിയിച്ചു. വിദേശത്തുനിന്നുള്ള തീർത്ഥാടകർ രാജ്യം വിടേണ്ട അവസാന ദിവസം കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു.
അനധികൃതമായി രാജ്യത്തു താങ്ങുന്ന ഹജ്ജ് തീർത്ഥാടകർക്കു 50,000 റിയാൽ വരെ പിഴയും ആറു മാസം വരെ തടവും പിന്നീട് നാടുകടത്തലുമാണ് ശിക്ഷ. നിയമം ലംഘിച്ചു രാജ്യത്തു തങ്ങുന്ന ഹജ്ജ് തീർത്ഥാടകർക്കു ഏതെങ്കിലും വിധത്തിലുള്ള സഹായം നൽകുന്നവർക്ക് ഒരു ലക്ഷം റിയാൽ വരെ പിഴയും ആറുമാസം വരെ തടവും ലഭിക്കും.
കൂടാതെ ഇത്തരം സഹായം നൽകുന്ന വിദേശികളെ നാടുകടത്തുകയും ചെയ്യും. ഈ വർഷം വിദേശ രാജ്യങ്ങളിൽനിന്ന് 13.5 ലക്ഷത്തോളം തീർത്ഥാടകരാണ് ഹജ്ജ് നിർവഹിക്കാൻ എത്തിയത്.
